അപൂര്‍വ്വ രോഗമായ എസ്.എം.എ ബാധിച്ച നാലുവയസുകാരന്‍ ചികിത്സാ സഹായം തേടുന്നു

ആമ്പല്ലൂര്‍: വേലൂപ്പാടത്ത് അപൂര്‍വ്വരോഗം ബാധിച്ച നാലുവയസുകാരന്‍ ചികിത്സാ സഹായം തേടുന്നു. വേലൂപ്പാടം ചീരാത്തൊടി ഹുസൈന്റെ മകന്‍ ഫൈസാന്‍ മുഹമ്മദാണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്. രണ്ടര വയസ്സില്‍ സ്ഥിരീകരിച്ച എസ്.എം.എ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗബാധയോടെയാണ് ഫൈസാന് ചലനവൈകല്യം കണ്ടുതുടങ്ങിയത്. വര്‍ഷം 75 ലക്ഷം രൂപയുടെ മരുന്ന് ഉപയോഗിച്ചാണ് ഫൈസാന്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

ഒന്നര വയസിലാണ് ഫൈസാന്‍റെ നടത്തത്തില്‍ വൈകല്യം കണ്ടുതുടങ്ങിയത്. തുടര്‍ന്ന് നില്‍ക്കാനും നടക്കാനും കഴിയാതെ വന്നതോടെ വിദഗ്ധ ചികിത്സതേടി. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയും ബാംഗ്ലൂരില്‍ ലാബോറട്ടറി പരിശോധനയും കഴിഞ്ഞപ്പോഴാണ് എസ്.എം.എ. സ്ഥിരീകരിച്ചത്. രണ്ടുവയസ് കഴിഞ്ഞതിനാല്‍ റിസിഡിപ്ലാം എന്ന മരുന്നുമാത്രമാണ് പ്രതിവിധിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

സ്വകാര്യ പ്ലാ​േന്‍റഷനില്‍ താല്‍ക്കാലിക ജീവനക്കാരനായ ഹുസൈന്‍ മകന്റെ ചികിത്സയ്ക്ക് വഴി കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്. മൂന്നര സെന്റ് ഭൂമിയും വീടും മാത്രം സ്വന്തമായുള്ള ഹുസൈന് വര്‍ഷംതോറും 75 ലക്ഷം രൂപ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ഫൈസാന്റെ ദുരിതമറിഞ്ഞ് നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപവല്‍ക്കരിച്ചിരിക്കുകയാണ്.

ടി.എന്‍. പ്രതാപന്‍ എം.പി, കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ, ജില്ല പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം സദാശിവന്‍ എന്നിവര്‍ രക്ഷാധികാരികളായ സമിതിയുടെ പേരില്‍ വരന്തരപ്പിള്ളി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുടങ്ങി. ഫൈസാന്റെ ചികിത്സക്ക് കാരുണ്യം തേടുകയാണ് ഈ നിര്‍ധന കുടുംബം.

ഇതിനായി 021801000026277 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങള്‍ അയക്കാവുന്നതാണ്. IFSC കോഡ്: IOBA0000218, വിലാസം: മുഹമ്മദ് ഫൈസാന്‍ ചികിത്സ സഹായ സമിതി, വേലൂപ്പാടം, വരന്തരപ്പിള്ളി, തൃശ്ശൂര്‍ - 680303. ഫോണ്‍: 8606635916. 


Tags:    
News Summary - A four-year-old boy with SMA seeks medical help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.