ചാലക്കുടി 220 സബ് സ്​റ്റേഷൻ 11ന് പ്രസരണം ആരംഭിക്കും

ചാലക്കുടി: ചാലക്കുടിയിലും സമീപ പ്രദേശങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാൻ 220 കെ.വി സബ്സ്​റ്റേഷൻ 11ന് വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഇതോടെ പരിയാരം, വെള്ളിക്കുളങ്ങര, കൊടകര, ആളൂർ, കൊരട്ടി, മാള, കൊടുങ്ങല്ലൂർ, കറുകുറ്റി, അങ്കമാലി കുറുമശ്ശേരി മുതലായ സബ് സ്​റ്റേഷനുകളിൽ വൈദ്യുതി 24 മണിക്കൂറും ഉറപ്പാക്കാൻ കഴിയും. കെ.എസ്.ഇ.ബിയുടെ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിലൂടെയാണ് ഇത്​ പൂർത്തീകരിച്ചത്. 2018 ഡിസംബർ 18ന് നിർമാണം തുടങ്ങിയ സബ്സ്​റ്റേഷൻ രണ്ടുവർഷ കാലാവധിക്കുള്ളിൽതന്നെ പൂർത്തിയാക്കി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് ഈ സബ് സ്​റ്റേഷൻ. നിർമാണപ്രവൃത്തി ഏറ്റെടുത്ത് നടത്തിയത് സീമെൻസ് ലിമിറ്റഡ് കമ്പനിയാണ്. നിലവിലുള്ള ലോവർ പെരിയാർ- മാടക്കത്തറ 220 കെ.വി പ്രസരണ ലൈനിൽനിന്ന്​ ലൈൻ ഒൗട്ട് സംവിധാനത്തിലാണ് 220 കെ.വി. വൈദ്യുതി ചാലക്കുടിയിൽ എത്തിക്കുന്നത്. ഇതിനായി കൊന്നക്കുഴി മുതൽ ചാലക്കുടി വരെ 11.12 കി.മി. 220/110 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് പ്രസരണലൈൻ പുതുതായി കെ.എസ്.ഇ.ബി നിർമിച്ചു. പ്രസരണ ലൈനി​ൻെറ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിച്ചത് ലാർസൺ ആൻഡ്​ ടൂബ ലിമിറ്റഡ് കമ്പനിയാണ്. 1950ൽ 66 കെ.വി വോൾട്ടേജിൽ 152 എം.വി.എ സ്ഥാപിത ശേഷിയിൽ പ്രവർത്തനമാരംഭിച്ച ചാലക്കുടി സബ് സ്​റ്റേഷൻ, ഇപ്പോൾ 220 കെ.വി വോൾട്ടേജിൽ 307 എം.വി.എ സ്ഥാപിത ശേഷിയിൽ എത്തിനിൽക്കുന്നുവെന്നത് ഈ രംഗത്തെ മുന്നേറ്റമാണ്. ചാലക്കുടി സബ്സ്​റ്റേഷൻ, അനുബന്ധ പ്രസരണലൈൻ, കേബിൾ പാക്കേജ് മുതലായ പ്രവൃത്തികൾക്ക് 75.87 കോടി രൂപയാണ് മുതൽമുടക്ക്. മൊത്തം 220 കെ.വി വോൾട്ടേജിൽ സമ്പൂർണ ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സബ്സ്​റ്റേഷൻ എന്ന് പ്രത്യേകതയും ചാലക്കുടി സബ്സ്​റ്റേഷന് അവകാശപ്പെടാം. നിലവിലുള്ള പൊരിങ്ങൽകുത്ത് പി.എൽ.ബി.ഇ ഷോളയാർ, ഇടമലയാർ എന്നീ ഉൽപാദന നിലയങ്ങൾക്ക് പുറമെ, 400 കെ.വി മാടക്കത്തറ സബ്സ്​റ്റേഷൻ, ലോവർ പെരിയാർ ജനറേറ്റിങ്​ സ്​​റ്റേഷൻ മുതലായ മേജർ ഗ്രിഡ് സ്​റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നത് ചാലക്കുടി സബ് സ്​റ്റേഷന് ഏറെ ഗുണകരമാണ്. ഒാട്ടേറ പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചതിനാലാണ് ഈ പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചതെന്ന് വാർത്ത സമ്മേളനത്തിൽ ബി.ഡി. ദേവസി എം.എൽ.എ പറഞ്ഞു. ബിജുമോൻ, എക്സിക്യൂട്ടിവ് എൻജിനീയർ ഷിബു, ഇ.കെ. തിലകൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.