അതിദരിദ്രർക്കായി 20 സർക്കാർ വകുപ്പുകളുടെ കൂട്ടായ്മയിൽ പദ്ധതി വരുന്നു

പി.പി. പ്രശാന്ത് തൃശൂർ: അതിദരിദ്ര കുടുംബങ്ങളുടെ ദാരി​ദ്ര്യം നിർമാർജനം ചെയ്യാൻ അതിസൂക്ഷ്മ പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടിക്രമങ്ങളുടെ ചുവപ്പ് നാടയോ, സേവനങ്ങളുടെ കാലതാമസമോ വരുത്താതെ 20 സർക്കാർ വകുപ്പുകൾ ഒരുമിക്കുന്നു. രാജ്യത്തിനുതന്നെ മാതൃകയായി ആദ്യമായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിക്കായി വിവിധ വകുപ്പുകളുടെ മൂന്നുപേർ വീതമുള്ള നിർവഹണ ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം മുളങ്കുന്നത്തുകാവ് കിലയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ) നടന്നുവരുകയാണ്. പരിശീലനം പൂർത്തിയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ ജില്ലതല പദ്ധതി ക്രോഡീകരണം ആഗസ്റ്റ്​ 31നകം പൂർത്തിയാക്കാനാണ്​ നിർദേശം. സംസ്ഥാനത്ത് 64006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്. അതിദാരിദ്ര്യ ഉപപദ്ധതിയുടെ ഭാഗമായി ഉടൻ നടപ്പാക്കാവുന്ന സേവന പദ്ധതികൾ, ഹ്രസ്വകാല പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നിവ തയാറാക്കാനുള്ള പരിശീലനമാണ് നടന്നുവരുന്നത്. വിവിധ സർക്കാർ വകൂപ്പുകളുടെ മാത്രമല്ല പൊതുജനങ്ങളിൽനിന്നും സംഘടനകളിൽനിന്നും സംഭാവനകൾ നിക്ഷേപിക്കാനും വിനിയോഗിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക്​ നോഡൽ ഓഫിസറുടെ പേരിൽ ​പ്രത്യേക അക്കൗണ്ട്​ തുറക്കാൻ തദ്ദേശവകുപ്പ്​ നിർദേശമുണ്ട്. അടിയന്തര സാഹചര്യം മുൻനിർത്തി പദ്ധതി നിർവഹണത്തിനായി പഞ്ചായത്ത്​, മുനിസിപ്പാലിറ്റി, കോർപറേഷനുകൾ എന്നിവ യാഥാക്രമം അഞ്ച്​ ലക്ഷം, പത്ത്​ ലക്ഷം, 15 ലക്ഷം എന്നിങ്ങനെ പൊതുവിഭാഗം വികസന ഫണ്ടിൽനിന്ന്​ വകയിരുത്തിയിട്ടുണ്ട്. ​േബ്ലാക്ക്​, ജില്ല പഞ്ചായത്തുകളും വിഹിതം നൽകേണ്ടതുണ്ട്​. പദ്ധതിയുടെ പ്രതിമാസ പുരോഗതി മുഖ്യമന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്. 2025 ആകുമ്പോഴേക്കും ആദ്യഘട്ടം പൂർത്തിയാക്കാനാണ് നിർദേശം. ഫണ്ട്​ കണ്ടെത്തുന്നതിന്‍റെ ഭാഗമായി പ്രദേശത്തെ കോർപറേറ്റ്​ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകളുടെയും മറ്റ്​ ബാങ്കുകളുടെയും പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, പ്രവാസി സംഘടനകൾ, സന്നദ്ധ സംഘടനകൾ, സന്മനസ്സുള്ള വ്യക്തികൾ തുടങ്ങിയവരുടെ യോഗം തദ്ദേശ സ്ഥാപനതലത്തിൽ വിളിച്ചുചേർക്കാൻ നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.