സംസ്ഥാനത്ത്​ മത്സ്യോൽപാദനം ആറ് ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു -മുഖ്യമന്ത്രി

അഴീക്കോട്: മത്സ്യോൽപാദന മേഖലയിലെ ശോഷണം പരിഹരിക്കാനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാനും സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായി സംസ്ഥാനത്ത്​ മത്സ്യോത്​പാദനം ആറ് ലക്ഷം മെട്രിക് ടണ്ണായി വർധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് സ്റ്റേഷനുകൾ വലിയ പങ്കാണ് വഹിക്കുന്നത്. ഫിഷറീസ് സ്റ്റേഷൻ നിലവിലുള്ള ജില്ലകളിൽ ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. സ്റ്റേഷനുകൾ ഇല്ലാത്ത ജില്ലകളിൽ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം കർശനമായി പാലിക്കാൻ പ്രയാസങ്ങൾ നേരിടേണ്ടി വന്നതിനാലാണ്​ നാല്​ തീരദേശ ജില്ലകളിലും ഫിഷറീസ് സ്റ്റേഷൻ ആരംഭിച്ചത്. മത്സ്യബന്ധന സമയത്ത്​ അപകടങ്ങൾ വർധിക്കുന്നത് കണക്കിലെടുത്ത് മൂന്ന് മറൈൻ ആംബുലൻസ്, 11 റെസ്ക്യൂ ബോട്ടുകൾ, പരിശീലനം സിദ്ധിച്ച 65 ലൈഫ് ഗാർഡ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഫിഷറീസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് മാസ്റ്റർ കൺട്രോൾ റൂമും വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നിവിടങ്ങളിൽ ഓരോ റീജനൽ കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ജില്ലതല ഉദ്‌ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി. ജോസ്, അസിസ്റ്റന്‍റ്​ ഡയറക്ടർ ടി.ടി. ജയന്തി, അസി. രജിസ്ട്രാർ കെ. നിസാമുദ്ദീൻ, റീജനൽ ഷ്രിംപ് ഹാച്ചറി അസി. ഡയറക്ടർ പി. അനീഷ്, മധ്യമേഖല ഫിഷറീസ് ജോയന്റ് ഡയറക്ടർ എം.എസ്. സാജു, മത്സ്യഫെഡ് ജില്ല മാനേജർ കെ.കെ. ബാബു, കെ.എസ്.സി.എ.ഡി.സി റീജനൽ മാനേജർ രാജു ആനന്ദ്, അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി. ബിനു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.