'തച്ചോളി തറവാട്ടിലെ കോഴി ഹാജരുണ്ടോ'​? കൊടുങ്ങല്ലൂരിൽ കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രമായി

കൊടുങ്ങല്ലൂർ: 'തച്ചോളി തറവാട്ടിലെ കോഴി ഹാജരുണ്ടോ​? -ഭക്തസമൂഹത്തെ സാക്ഷിയാക്കി കൊടുങ്ങല്ലൂർ ശ്രീകുരുംബ കാവിൽ വീണ്ടും ആ വിളിച്ചു ചോദ്യം ഉയർന്നു. ഉടൻ ചെമ്പട്ട് വിരിച്ച മൺതിട്ടയിൽ തച്ചോളി തറവാട്ടുകാർ കോഴികളെ സമർപ്പിച്ചു. ഒപ്പം 'അമ്മേ ശരണം ദേവീ ശരണം' വിളികളുയർന്നു. പിറകെ ചിലമ്പൊലിയും മുളന്തണ്ടിൽ താളമിട്ട് ദേവീസ്തുതികളും തന്നാരം പാട്ടുകളും. ഇതോടെ ആവേശകരമായ ഭക്താരവത്താൽ ശ്രീകുരുംബകാവ് മുഖരിതമായി. അങ്ങനെ ഈ വർഷത്തെ കോഴിക്കല്ല് മൂടൽ ചടങ്ങോടെ കൊടുങ്ങല്ലൂർ ക്ഷേത്രാങ്കണം ഭരണിയുത്സവത്തിന്‍റെ ചടുലതാളം വീണ്ടെടുത്തു. ഇനി കോമര കൂട്ടങ്ങളുടെയും ഭക്തരുടെയും ഒഴുക്ക് തുടങ്ങും. സാമാന്യം നല്ലതോതിൽ ഭക്തർ തമ്പടിച്ച ശ്രീകുരുംബകാവിൽ തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് കോഴിക്കല്ല് മൂടലിന്‍റെ തുടക്കം. അവകാശികളായ കൊടുങ്ങല്ലൂരിലെ ഭഗവതി വീട്ടുകാർ വടക്കേനടയിൽ ദീപസ്തംഭത്തിന് സമീപം കുഴിയെടുത്ത് വൃത്താകൃതിയിലുള്ള രണ്ട് കല്ലുകൾ കുഴിച്ച് മൂടി മൺതിട്ടയാക്കി അതിൽ ചെമ്പട്ടുകൾ വിരിച്ചു. തുടർന്ന് ഭഗവതി വീട്ടിലെ രാകേഷാണ് തച്ചോളി തറവാട്ടിലെ കോഴി ഹാജരുണ്ടോയെന്ന് വിളിച്ചു ചോദിച്ചത്. തുടർന്ന്‌ വടക്കൻ മലബാറിലെ തച്ചോളി തറവാടുകളെ പ്രതിനിധീകരിച്ചെത്തിയ രാധാകൃഷ്ണൻ മേപ്പാട്ട്, വിജയരാഘവൻ, പ്രേമൻ, രാധാകൃഷ്ണൻ, സൂരജ് എന്നിവർ പ്രാർഥനാപൂർവം മൂന്നുവട്ടം വലംവെച്ച് കോഴികളെ സമർപ്പിക്കുകയായിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. ഭഗവതി വീട്ടുകാരായ സുജിത്ത്, സുജയ്, അനന്തകൃഷ്ണൻ, ദേവദേവൻ, ബ്രഹ്മദത്തൻ, പ്രഭവ് റാം തുടങ്ങിയവരും പങ്കെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ്​ വി. നന്ദകുമാർ, അംഗം നാരായണൻ, അസി. കമീഷണർ സുനിൽ കർത്ത തുടങ്ങിയവരും സന്നിഹിരായിരുന്നു. കോവിഡിന്‍റെ പിടിയിലായ കഴിഞ്ഞ രണ്ടുവർഷം ഇതായിരുന്നില്ല അവസ്ഥ. ഭരണിയുടെ കോഴിക്കല്ല് മൂടൽ ഉൾപ്പെടെയുള്ള ആചാരങ്ങൾ ഭക്ത സഞ്ചയമില്ലാത്ത ചടങ്ങുകൾ മാത്രമായിരുന്നു. TCG.KDR.KOZHIKALKE MOODAL കൊടുങ്ങല്ലൂർ ഭരണിയുടെ കോഴിക്കല്ല് മൂടൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.