ബലക്ഷയം: ചെമ്പുചിറ സ്‌കൂളിലെ അഞ്ച് ക്ലാസ് മുറികള്‍ പൊളിച്ചു നീക്കുന്നു

കിഫ്​ബി ഫണ്ട്​ ഉപയോഗിച്ചാണ്​ നിർമിച്ചത്​ കൊടകര (തൃശൂർ): ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനായി പണിത പുതിയ കെട്ടിടത്തിന്റെ മുകള്‍ നില പൊളിച്ചുനീക്കുന്ന പണി ആരംഭിച്ചു. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്​ പുതിയ കെട്ടിടത്തിലെ മുകള്‍ നിലയിലെ അഞ്ച്​ ക്ലാസ് മുറികളാണ് പൊളിച്ചുനീക്കുന്നത്. കിഫ്ബിയില്‍ നിന്നനുവദിച്ച മൂന്ന്​ കോടി ഉള്‍പ്പടെ 3.84 കോടി രൂപ ചെലവിലാണ് 2018ല്‍ ഇവിടെ നിര്‍മാണം തുടങ്ങിയത്. 15 ക്ലാസ് മുറികള്‍, ലാബ്, ടോയ്‌ലറ്റ്, ലൈബ്രറി, കിച്ചണ്‍, ഡൈനിങ് ഹാള്‍, ബസ് ഷെഡ് എന്നിവയുടെ നിര്‍മാണമാണ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരുന്നത്. 2019ല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി നിര്‍മിച്ച ക്ലാസ് മുറികള്‍ക്കാണ് അപാകത കണ്ടെത്തിയത്. നിര്‍മാണത്തില്‍ അപാകതയുള്ളതായി തുടക്കം മുതലേ പരാതി ഉയര്‍ന്നിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് എ. നാഗേഷ് എന്നിവര്‍ സ്‌കൂള്‍ കെട്ടിടം സന്ദര്‍ശിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെട്ടിടനിർമാണത്തില്‍ അപാകതയുണ്ടെന്ന്​ കാണിച്ച്​ നാഗേഷ് വിജിലന്‍സിന് പരാതിയും നല്‍കി. തുടര്‍ന്ന് കിഫ്ബിയുടെ നിര്‍മാണം വിലയിരുത്തുന്ന 'വാസ്പ്​' വിദഗ്​ധര്‍ കെട്ടിടം പരിശോധിച്ചെങ്കിലും ബലക്ഷയമില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് അധികൃതരും കെട്ടിടം പരിശോധിച്ചിരുന്നു. കെട്ടിടത്തിന് ബലക്ഷയമുള്ളതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടേയും രക്ഷിതാക്കളുടേയും ആശങ്ക പരിഹരിക്കണമെന്ന് ഏതാനും മാസം മുമ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിളിച്ച സര്‍വകക്ഷിയോഗം സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. പുതിയ കെട്ടിടത്തിലെ അഞ്ച് ക്ലാസ് മുറികള്‍ പൊളിച്ചുനീക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. തുടര്‍ന്ന് ഡിസംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അശ്വതി വിബി, ജില്ല പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് എന്നിവരടക്കമുള്ള ജനപ്രതിനിധികളും പിടി.എ പ്രതിനിധികളും നിർമാണ ഏജന്‍സികളായ കൈറ്റ്, വാപ്‌കോസ്, നിയോസ്ട്രക്ചര്‍ എന്നിവയുടെ പ്രതിനിധികളും തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരുകയും അപാകതയുള്ള അഞ്ച് ക്ലാസ് മുറികള്‍ പൊളിച്ച് നീക്കി പുതിയവ നിര്‍മിക്കാന്‍ ധാരണയാവുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ കെട്ടിടം പൊളിക്കാൻ തുടങ്ങിയത്​. TCM KDA 3 chembuchira school kettidam ചെമ്പുചിറ സര്‍ക്കാര്‍ സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ മുകള്‍ നില പൊളിച്ചുനീക്കാന്‍ തുടങ്ങിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.