സ്ഥാപന വിവരങ്ങൾ പരസ്യപ്പെടുത്താൻ വിവരാവകാശ കമീഷനും മടി

വിവരാവകാശ കമീഷണർമാരുടെ ശമ്പളം മൂന്ന്​ ലക്ഷത്തിലേറെ പി.പി. പ്രശാന്ത്​ തൃശൂർ: പൊതുഅധികാരികൾ സ്വന്തം സ്ഥാപനവിവരങ്ങൾ പ്രതിവർഷം വെളിപ്പെടുത്തണമെന്ന വിവരാവകാശ നിയമത്തിലെ സുപ്രധാന നിർദേശത്തിന്​ സംസ്ഥാന വിവരാവകാശ കമീഷനിൽനിന്നുതന്നെ അവഗണന. ഇക്കാര്യം പരാമർശിക്കുന്ന വിവരാവകാശ നിയമം സെക്​ഷൻ നാല്​ (ഒന്ന്​) ബി പ്രകാരമുള്ള വിവരങ്ങൾ ചോദിച്ച അപേക്ഷകന്​​ സ്​റ്റേറ്റ് പബ്ലിക്​ ഇൻഫർമേഷൻ ഓഫിസർ അവ നൽകിയില്ല. പകരം ഈ സെക്​ഷൻ സംബന്ധിച്ച നിയമത്തിലെ നിബന്ധനകളാണ്​ നൽകിയത്​. കുറ്റിപ്പുറം ലോ കോളജിലെ നിയമ വിദ്യാർഥി വി. മുഹമ്മദ്​ സുഹൈലിന്‍റെ വിവരാവകാശ മറുപടിയിലാണ്​ സംസ്ഥാന വിവരാവകാശ കമീഷൻ ഇത്തരത്തിൽ മറുപടി നൽകിയത്​. സെക്​ഷൻ നാല്​ പ്രകാരം സർക്കാർ ഓഫിസുകളിലെ പൊതുഅധികാരി ചുമതല, ജീവനക്കാരുടെ എണ്ണം, ബജറ്റ്​ ഫണ്ട്​, പദ്ധതികൾ, വരുമാനം, ചെലവ്​ തുടങ്ങിയവ സ്വയം പരസ്യപ്പെടു​ത്തണം​. സർക്കാർ വകുപ്പുകൾ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വിമുഖത കാണിക്കുന്നെന്ന പരാതി വ്യാപകമാണ്​. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ കേസുമുണ്ട്​. ഈ സാഹചര്യത്തിലാണ്​ വിവരാവകാശ കമീഷനിൽ ഈ നിയമം പാലിക്കുന്നുണ്ടോയെന്ന ചോദ്യം ചോദിച്ചതെന്ന്​ മുഹമ്മദ്​ സുഹൈൽ പറഞ്ഞു​. മുഖ്യ വിവരാവകാശ കമീഷർ ഡോ. ബിശ്വാസ്​ മേത്തയുടെ ശമ്പളം 1.878 ലക്ഷം രൂപയാണെങ്കിലും മറ്റ്​ അലവൻസുകളടക്കം 2.13 ലക്ഷം രൂപയാണ്​ കൈപ്പറ്റുന്നതെന്ന്​ രേഖയിലുണ്ട്​. ചീഫ്​ സെക്രട്ടറിയായി വിരമിച്ച ഉടനെയായിരുന്നു ബിശ്വാസ്​ മേത്തയുടെ നിയമനം. വിവരാവകാശ കമീഷണറായ ഡോ. കെ.എൽ. വിവേകാനന്ദൻ ശമ്പളവും മറ്റ്​ അലവൻസുകളടക്കം മൂന്നുലക്ഷം രൂപയാണ്​ പ്രതിമാസം വാങ്ങുന്നത്​. മറ്റൊരു വിവരാവകാശ കമീഷണറായ കെ.വി. സുധാകരന്‍റെ ശമ്പളം തന്നെ 3,35,250 രൂപയുണ്ട്​. മറ്റ്​ അലവൻസുകളടക്കം മൂന്നര ലക്ഷം രൂപയാണ്​ ഇദ്ദേഹം കൈപ്പറ്റുന്നത്​. വിവരാവകാശ കമീഷണർമാരായ പി.ആർ. ശ്രീലത 2,71,715 രൂപയും അഡ്വ. എച്ച്​. രാജീവൻ 3,35,250 രൂപയും പ്രതിമാസം കൈപ്പറ്റുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.