ദാരിദ്ര്യരേഖക്ക്​ താഴെയുള്ളവരുടെ കോവിഡ്​ മരണം: പ്രത്യേക ധനസഹായ വിതരണം തുടങ്ങിയില്ല

* മാനദണ്ഡം പുതുക്കിയത്​ തിരിച്ചടിയായി -പി.പി. പ്രശാന്ത്​ തൃശൂർ: കോവിഡ്​ മരണത്തിനുള്ള പൊതുധനസഹായ വിതരണം 96 ശതമാനം പൂർത്തിയായപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക്​ പ്രത്യേക ധനസഹായം കൊടുത്തുതുടങ്ങിയില്ല. കോവിഡ്​ മരണത്തിനുള്ള 50,000 രൂപയുടെ പൊതുധനസഹായം​ ​കൊടുത്തു കഴിഞ്ഞ ശേഷം പരിഗണിക്കാമെന്ന വിലയിരുത്തലിലാണ്​ റവന്യൂ ഡയറക്ടറേറ്റ്​ ബി.പി.എല്ലുകാരുടെ പ്രത്യേക ധനസഹായ നടപടികൾ സ്വീകരിക്കാതിരുന്നത്​. ഇതിനിടെ ബി.പി.എല്ലുകാർക്ക്​ ധനസഹായം ലഭ്യമാക്കാനുള്ള മാനദണ്ഡം പുതുക്കിയത്​ അപേക്ഷകർക്ക്​ തിരിച്ചടിയായി. ഇതോടെ ഏറെ അപേക്ഷകളും നിരസിക്കപ്പെടുകയാണ്​. കോവിഡ്​ മൂലം മരിച്ചവരുടെ ദാരിദ്ര്യരേഖക്ക്​ താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ മൂന്ന് വർഷം നൽകുമെന്നാണ്​ സംസ്ഥാന സർക്കാറിന്‍റെ വാഗ്ദാനം. പൊതുധനസഹായമായ 50,000 രൂപക്ക്​ പുറമെയാണിത്​. ഈ ആനുകൂല്യത്തിനായി 17,724 അപേക്ഷകൾ ലഭിച്ചു. ഇതിൽ 4210 എണ്ണം അംഗീകരിക്കുകയും 2939 എണ്ണം നിരസിക്കുകയും ചെയ്തു. 2438 അപേക്ഷകൾ ഇനിയും തീർപ്പാക്കാനുണ്ട്​. അതേസമയം 54,839 പേർക്കാണ്​ പെതുധനസഹായം കൈമാറിയത്​. ബി.പി.എല്‍ കുടുംബത്തിലെ വരുമാനദായകരായ വ്യക്തി കോവിഡ് ബാധിച്ചു മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ മക്കള്‍ക്കോ സഹായധനത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ആദ്യം വ്യക്തമാക്കിയത്. അതനുസരിച്ചാണ് റവന്യൂ വകുപ്പ് അപേക്ഷ സ്വീകരിച്ച് അംഗീകാരം നല്‍കിയതും. എന്നാൽ, പുതുക്കിയ മാനദണ്ഡപ്രകാരം അംഗപരിമിതരും മാനസികവെല്ലുവിളി നേരിടുന്നവരുമായ മക്കളെ മാത്രമാണ്​ പരിഗണിച്ചത്. മരിച്ചവർ 70ല്‍ താഴെ പ്രായമുള്ളവരാണെങ്കിൽ ഭാര്യ/ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹായം നല്‍കാം. ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രം 21 വയസ്സില്‍ താഴെയുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്നവരുമായ ഒരു മകനോ മകള്‍ക്കോ (മൂത്തയാള്‍ക്ക്) സഹായം നല്‍കും. കൂടാതെ മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കിയാല്‍ ബി.പി.എല്‍ പരിധിയില്‍ വരുന്നവരെയും പരിഗണിക്കും. ഇത്​ വില്ലേജ് ഓഫിസര്‍ അന്വേഷിച്ച് അപേക്ഷയില്‍തന്നെ റിപ്പോര്‍ട്ട്​ ചെയ്യണമെന്നായിരുന്നു പുതുക്കിയ മാനദണ്ഡം. മാനദണ്ഡങ്ങൾ പുതുക്കിയതോടെ ബി.പി.എൽ കോവിഡ്​ മരണ ധനസഹായത്തിനുള്ള അർഹരുടെ പട്ടിക വളരെ കുറഞ്ഞു. ഇപ്പോൾ കാര്യമായി അ​പേക്ഷകരും എത്തുന്നില്ല. ആദ്യം ലഭിച്ച അപേക്ഷകള്‍ അംഗീകരിച്ച് സഹായധന വിതരണത്തിന് റവന്യൂ വകുപ്പ് തയാറെടുക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്​. പുതുക്കിയ മാനദണ്ഡമനുസരിച്ച്​ അപേക്ഷകൾ പരിശോധിച്ച്​ ആദ്യഘട്ട ലിസ്റ്റ്​ ജില്ലതലങ്ങളിൽനിന്ന്​ അധികൃതർക്ക്​ ലഭിച്ചിട്ട്​ മാസമായെങ്കിലും നടപടി ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.