മേലൂർ പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു

ഉയർന്ന പ്രദേശങ്ങളിൽ കിണറുകൾ വറ്റി തുടങ്ങി ചാലക്കുടി: മേലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു. വേനലായതോടെ ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലെയും കിണറുകളിൽ ജലം വറ്റിത്തുടങ്ങി. രണ്ട്, 10, 12 വാർഡുകളിലാണ്​ ഇപ്പോൾ വെള്ളത്തിന്‍റെ പ്രശ്നം രൂക്ഷമായി അനുഭവപ്പെടുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളാവുമ്പോൾ പ്രശ്നം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയുണ്ട്​. ജലക്ഷാമം തുടങ്ങിയതോടെ പുഴയോട് ചേർന്ന സ്ഥലങ്ങളിലെ ആളുകൾ കുളിക്കാനും മറ്റും പുഴയെ ആശ്രയിക്കുകയാണ്. വാട്ടർ അതോറിറ്റി കണക്ഷനുകളിലൂടെ ലഭിക്കുന്ന പൈപ്പ് വെള്ളത്തിന്‍റെ ലഭ്യതയും കുറഞ്ഞു തുടങ്ങി. രാത്രിയും പുലർച്ചയും ഉറക്കമൊഴിച്ച് വെള്ളം പിടിക്കേണ്ട അവസ്ഥയുണ്ട്​. പമ്പിങ്​ പ്രഷർ കുറയുന്നതിനാൽ പല വീടുകളിലും വെള്ളം നൂല്​ പോലെയാണ്​ വരുന്നത്​. ദേവരാജഗിരിയിലെ വാട്ടർ അതോറിറ്റിയുടെ പമ്പിങ്​ സ്റ്റേഷനിൽ നിന്ന് മേലൂർ, കൊരട്ടി, കാടുകുറ്റി തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നുണ്ട്​. കൊരട്ടിയിലും കാടുകുറ്റിയിലും ജലവിതരണത്തിന് പുതിയ സംവിധാനം നടപ്പിലായാൽ മാത്രമേ ഇവിടെ നിന്ന് പൂർണമായും മേലൂർ പഞ്ചായത്തിന് മാത്രമായി ജലം ലഭിക്കൂ. കനാൽ ജലവിതരണം കാര്യക്ഷമമാകാത്തതിനാൽ വീടുകളിലെ കിണറുകളിൽ വെള്ളം എത്തുന്നില്ല. വിവിധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുണ്ടെങ്കിലും അവ കാര്യക്ഷമമല്ല. ചിലത് കാലങ്ങളായി മുടങ്ങി കിടക്കുകയാണ്. ചാലക്കുടിപ്പുഴയോട് ചേർന്ന പ്രദേശമാണ് മേലൂരെങ്കിലും പൊതുവേ ഉയർന്ന പ്രദേശമാണ്. അതുകൊണ്ട് എക്കാലത്തും വെള്ളത്തിന് പ്രതിസന്ധിയുണ്ട്​. ബദൽ സംവിധാനങ്ങൾ ഒരുക്കാത്തതാണ്​ ജലക്ഷാമം ഗുരുതരമാക്കുന്നത്​. TC MChdy - 1 മേലൂർ ദേവരാജഗിരിയിലെ പമ്പിങ്​ സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.