ധനലക്ഷ്മി ബാങ്ക്: റിസർവ് ബാങ്കിൻെറ മൗനം ചർച്ചയാവുന്നു തൃശൂർ: ധനലക്ഷ്മി ബാങ്കിൽ റിസർവ് ബാങ്ക് നിയമിച്ച സി.ഇ.ഒ-എം.ഡിയെ ഓഹരിയുടമകൾ ഭൂരിപക്ഷ വോട്ടിങ്ങിലൂടെ പുറത്താക്കിയതോടെ സ്വകാര്യ ബാങ്കുകളിൽ റിസർവ് ബാങ്കിൻെറ സ്വാധീനം എത്രത്തോളമെന്ന ചോദ്യം ഉയരുന്നു. ബാങ്കുകൾ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നതിൽ നിയന്ത്രണം ഉണ്ടാവാൻ നിയമിക്കുന്ന സ്വതന്ത്ര ഡയറക്ടർമാരെ ഒരു ചെറുപറ്റം ഓഹരിയുടമകൾ ഒത്തൊരുമിച്ചാൽ അപ്രസക്തരാക്കാൻ കഴിയുമെങ്കിൽ റിസർവ് ബാങ്കിൻെറ പ്രസക്തി എന്തെന്ന ചോദ്യമാണ് ബാങ്കിങ് വൃത്തങ്ങളിൽ ഉയരുന്നത്. ഇക്കഴിഞ്ഞ 30ന് ധനലക്ഷ്മി ബാങ്കിൻെറ വാർഷിക പൊതുയോഗം പുറത്താക്കിയ സുനിൽ ഗുർബക്സാനിയെയും 25ന് തമിഴ്നാട്ടിലെ ലക്ഷ്മി വിലാസ് ബാങ്കിൽനിന്ന് പൊതുയോഗം പുറത്താക്കിയ ഇ. സുന്ദറിനെയും സി.ഇ.ഒ-എം.ഡിമാരായി നിയമിച്ചത് റിസർവ് ബാങ്കാണ്. ലക്ഷ്മി വിലാസിൽ എം.ഡിക്ക് പുറമെ ആറ് ഡയറക്ടർമാരെക്കൂടി വോട്ടിനിട്ട് പുറത്താക്കിയപ്പോൾ ധനലക്ഷ്മിയിൽ എം.ഡി ഒഴികെയുള്ളവരുടെ നിയമനം പൊതുയോഗം അംഗീകരിച്ചു. രണ്ടിടത്തും ബാങ്കിൻെറ പൊതുതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണ് എം.ഡിമാർക്ക് എതിരായ ആക്ഷേപം. എന്നാൽ, മൂന്നുവർഷക്കാലത്തേക്ക് നിയമിക്കപ്പെട്ട് ഒമ്പതുമാസം മാത്രം പിന്നിട്ട സുനിൽ ഗുർബക്സാനിക്കും ഇടക്കാലത്തേക്ക് നിയമിതനായ സുന്ദറിനുമെതിരെ ഇന്നേവരെ ഓഹരി ഉടമകളോ ഇരുബാങ്കുകളുമായി മറ്റേതെങ്കിലും വിഭാഗമോ ഏതെങ്കിലും തരത്തിലുള്ള പരാതി ഒരുവേദിയിലും ഉന്നയിച്ചിട്ടില്ല. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കാര്യത്തിൽ ഓഹരിയുടമകളുടെ തീരുമാനമാണ് നിർണായകമെങ്കിലും ഓഹരിയുടമകളിൽ ഒരുചെറു പക്ഷം ഒരുമിച്ചാൽ അട്ടിമറികൾ നടക്കുമെന്നതാണ് പ്രധാനപ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ട് ബാങ്കിലും ഇടക്കാല കമ്മിറ്റികൾ നിർദേശിക്കപ്പെടുകയും റിസർവ് ബാങ്ക് അതിന് അംഗീകാരം നൽകുകയുമാണ് ചെയ്തത്. ധനലക്ഷ്മി ബാങ്കിൽ നാലുമാസത്തേക്കാണ് ഇടക്കാല സമിതിയെ നിയമിക്കുന്നതെന്ന് റിസർവ് ബാങ്ക് പറയുന്നു. എന്നാൽ, പുതിയ എം.ഡിയെ കണ്ടെത്തിയാൽ നിയമനത്തിന് മുമ്പ് ഡയറക്ടർ ബോർഡിൻെറയോ ഓഹരി ഉടമകളുടെയോ അംഗീകാരം വാങ്ങേണ്ടിവരുമോ, അല്ലാതിരുന്നാൽ പൊതുയോഗം വിളിച്ച് അടുത്ത എം.ഡിയെയും പുറത്താക്കുമോ, അങ്ങനെ സംഭവിച്ചാൽ റിസർവ് ബാങ്ക് എന്ത് ചെയ്യും എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്. രണ്ട് ബാങ്കിലെയും നാടകീയ സംഭവ വികാസങ്ങളിൽ റിസർവ് ബാങ്കിൻെറ മൗനം മറ്റ് സ്വകാര്യ ബാങ്കുകളിൽ കീഴ്വഴക്കമായി മാറില്ലേയെന്ന ചോദ്യവും ബാങ്കിങ് വൃത്തങ്ങൾ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.