അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ

30,000ത്തോളം പേർക്ക് പിറന്നാൾ സദ്യ നൽകും ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷത്തിന്​ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30,000ത്തോളം പേർക്ക് പിറന്നാൾ സദ്യ ഒരുക്കും. ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ അന്നലക്ഷ്മി ഹാളിലും ഹാളിന് പുറത്തെ പന്തലിലും തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും സദ്യ വിളമ്പും. ഉച്ചക്ക് രണ്ടിനു മുമ്പ് വരിയിലുള്ള മുഴുവൻ ഭക്തർക്കും സദ്യ നൽകും. 21 ലക്ഷം രൂപയാണ് സദ്യക്ക്​ വകയിരുത്തിയിട്ടുള്ളത്. തിരക്ക് പ്രമാണിച്ച് ക്ഷേത്രത്തിൽ രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ സ്പെഷൽ ദർശനം അനുവദിക്കില്ല. എന്നാൽ 1000, 4500 രൂപ നിരക്കിൽ നെയ്​വിളക്ക് ശീട്ടാക്കുന്നവർക്ക് വരിയിലൂടെയല്ലാതെ നാലമ്പലത്തിലേക്ക് പ്രവേശിക്കാം. മൂന്നുനേരവും നടക്കുന്ന കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേന്തും. ഗോകുൽ, ബാലകൃഷ്ണൻ എന്നീ കൊമ്പന്മാർ പറ്റാനകളാകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ എട്ട് മുതൽ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് നാലിന് കൃഷ്ണഗാഥ നൃത്താവിഷ്കാരം. ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. മദ്ദള വിദ്വാൻ കലാമണ്ഡലം നാരായണൻ നമ്പീശന് ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം സമ്മാനിക്കും. പുരസ്കാര ജേതാവും സംഘവും അവതരിപ്പിക്കുന്ന പഞ്ചമദ്ദളകേളി അരങ്ങേറും. രാത്രി എട്ടിന് ചാക്യാർക്കൂത്ത്, 10ന് ക്ഷേത്ര കലാനിലയം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം അവതാരം കളി. അഷ്ടമിരോഹിണിയുടെ ഭാഗമായി ആധ്യാത്മിക ഹാളിൽ നടക്കുന്ന ഭാഗവത സപ്താഹം 21ന് സമാപിക്കും. ഭരണസമിതി അംഗങ്ങളായ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.വി. മോഹനകൃഷ്ണൻ, മനോജ് ബി. നായർ, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. -------- ഭണ്ഡാര വരവ് അഞ്ചുകോടി ഗുരുവായൂർ: ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 5,00,00,917 രൂപ ലഭിച്ചു. മൂന്ന് കിലോ 200 ഗ്രാം 500 മില്ലിഗ്രാം സ്വർണവും 28 കിലോ 150 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച 1000 രൂപയുടെ 18 കറൻസിയും 500ന്‍റെ 68 കറൻസിയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. ഇന്ത്യൻ ബാങ്ക് ശാഖക്കായിരുന്നു എണ്ണൽ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.