ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീഷണി ചാലക്കുടി: കനത്ത മഴയെ തുടർന്ന് ഡാമുകൾ തുറന്നതിനാൽ ചാലക്കുടി നഗരസഭയടക്കം വിവിധ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. പ്രധാനപ്പെട്ട റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട്ടിലെ പറമ്പിക്കുളം ഡാം തുറന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ അധികജലം വന്നെത്തിയതിനാൽ ഡാമിന്‍റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റും ചൊവ്വാഴ്ച വെളുപ്പിന് തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുകയായിരുന്നു. സ്ഥിതിഗതികൾ മുൻകൂട്ടി കണ്ട അധികൃതർ തിങ്കളാഴ്ച രാവിലെ 11.30നും വൈകീട്ട് ആറിനും രണ്ട് സ്ലൂയിസ് ഗേറ്റുകൾ തുറന്ന് അധികജലം ഒഴുക്കിയിരുന്നു. ഇതോടെ ചാലക്കുടിപ്പുഴയുടെ ജലനിരപ്പ് ആറങ്ങാലി സ്റ്റേഷനിൽ 6.8 മീറ്ററോളം ഉയർന്നു. ഇവിടെ അപകട മുന്നറിയിപ്പ് നിരപ്പ് 7.1 മീറ്ററാണ്. രാത്രിയിൽ പെയ്ത വെള്ളവും ജലനിരപ്പ് ഉയർത്തുന്നതിന് കാരണമായി. വെട്ടുകടവ് പാലത്തിന്‍റെ അടിഭാഗം വരെ ജലനിരപ്പ് ഉയർന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറാൻ തുടങ്ങി. ശക്തമായ ഒഴുക്കിൽ ചാലക്കുടിപ്പുഴയിലൂടെ നിരവധി തടികളും മരങ്ങളും ഒഴുകിപ്പോകുന്നുണ്ട്. ഇവയിൽ പലതും വെട്ടുകടവ് പാലത്തിലെത്തി തടഞ്ഞതിനെ തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നീക്കി. ആനമല അന്തർ സംസ്ഥാന പാതയിൽ കാഞ്ഞിരപ്പിള്ളി ഡ്രീം വേൾഡിന് സമീപത്ത് വെള്ളം ഉയർന്ന് രാവിലെ ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി റയിൽവേ അടിപ്പാതയിലും വെള്ളം കയറി ഗതാഗതം മുടങ്ങി. ചാലക്കുടി നഗരസഭ മേഖലയിൽ കാരൂർ റോഡ്, തിരുത്തിപറമ്പ് റോഡ്, കാരകുളത്തു നാട്, വി.ആർ. പുരം- റെയിൽവേ റോഡ്, തച്ചുടപറമ്പ്-റെയിൽവേ റോഡ്, പാസ്കൽ റോഡ്, അതിരപ്പിള്ളി റോഡ്-കൂടപ്പുഴ ഭാഗം തുടങ്ങിയിടത്തെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൂർക്കമറ്റത്ത് ലത്തീൻ പള്ളി റോഡ്, കാതിക്കുടം ചാത്തൻചാൽ വഴി, കൊരട്ടി റോഡിൽ നൂറ്റത്തോട് ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. മേലൂർ പഞ്ചായത്തിലെ എരുമപ്പാടം ഡിവൈൻ കോളനിയിൽ നാൽപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാത്രി ഒരു മണിയോടെ ഇവരുടെ വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയതോടെയാണ് വാർഡ് അംഗം ഇടപ്പെട്ട് ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത്. എല്ലാവർഷവും ഇവിടത്തെ വീടുകളിൽ വെള്ളം കയറാറുള്ളതാണ്. കാതികുടം, പരിയാരം, കൊന്നക്കുഴി, ചാലക്കുടി തിരുമാന്ധാം കുന്ന് വാർഡ്, കോട്ടാറ്റ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താഴ്ന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റി. ----------- TC Mch dy - 2 a ) ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുന്ന ആറാട്ട് കടവ് ഭാഗം b) വെട്ടുകടവ് പാലത്തിനടിയിൽ തടഞ്ഞ മരങ്ങൾ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു C) ആനമല അന്തർ സംസ്ഥാന പാത വെള്ളം കയറി തടസ്സപ്പെട്ടപ്പോൾ d) വെള്ളാഞ്ചിറ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചപ്പോൾ e) ഡിവൈൻ കോളനിയിൽ വെള്ളം കയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.