മാള: പെരിങ്ങൽക്കുത്ത് ഡാമിൽനിന്നുള്ള വെള്ളം ചാലക്കുടിപ്പുഴയിൽ എത്തിയതോടെ അന്നമനട സൗഹൃദതീരം പാർക്ക് മുങ്ങി. ഒരുകോടി ചെലവിൽ നിർമാണം നടത്തിയ സൗഹൃദതീരം കെട്ടിടം ഉൾപ്പെടെയാണ് മുങ്ങിയത്. പഴയ പുളിക്കക്കടവ് ഫെറി റോഡിൽ പുഴ കയറി. മഴ ശക്തമായതോടെ പുഴയോര പഞ്ചായത്തുകളായ അന്നമനട, കുഴൂർ, പാറക്കടവ്, പുത്തൻവേലിക്കര പ്രദേശങ്ങൾ ദുരിതത്തിലേക്ക് നീങ്ങുന്നു. ജില്ലയിലെതന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളുള്‍ക്കൊള്ളുന്ന കുഴൂര്‍ പഞ്ചായത്തിലാണ് പുഴ ഭീഷണിയാവുന്നത്. കുണ്ടൂര്‍ തിരുത്ത-ചെത്തിക്കോട് റോഡ്, കൊഴവക്കാട്-കുന്നത്തുകാട് റോഡ്, കൊച്ചുകടവ് കനാല്‍-മുഹ്യിദ്ദീന് ജുമാമസ്ജിദ്-തറേക്കാട്ടില്‍ റോഡ്, എരവത്തൂര്‍ മേലാംതുരുത്ത്-തുമ്പരശ്ശേരി റോഡ്, മേലാംതുരുത്ത്-മേലഡൂര്‍ റോഡ് തുടങ്ങിയവയെല്ലാം വെള്ളത്തിലാകുന്ന സാഹചര്യമാണ്. പായ്തുരുത്ത്, ചെമ്പകത്തുരുത്ത്, തിരുത്ത, മുത്തുകുളങ്ങര, ചെത്തിക്കോട് തുടങ്ങിയ തുരുത്തുകളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്. ഇവിടെ നൂറുകണക്കിന് വീടുകളാണുള്ളത്. ഈ പ്രദേശങ്ങളിൽ വീടുകളിൽ താമസിക്കുന്നവർ പരിഭ്രാന്തിയിലാണ്. വെള്ളം കയറി നാശം നേരിട്ട വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. വാളൂർ എൻ.എസ്.എസ് സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് തുറക്കും. കുണ്ടൂർ മൈത്രയിൽ അഞ്ച് വീട്ടിൽ പുഴ കയറുമെന്നായിട്ടുണ്ട്. വാളൂർ-വെസ്റ്റ് കൊരട്ടി റോഡ് പുഴ കരകവിഞ്ഞ് ഒറ്റപ്പെട്ടു. അന്നമനട-മാമ്പ്ര റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. പുളിക്കക്കടവ് പാലത്തിന്റെ ബീമിൽനിന്ന് തൊട്ടുതാഴെ വരെ ജലനിരപ്പ് എത്തിയത് പരിഭ്രാന്തി പരത്തി. പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് കൂടുതൽ വെള്ളം വിടുമെന്ന അറിയിപ്പ് പ്രളയബാധിത പ്രദേശങ്ങളിൽ അവശേഷിക്കുന്നവരിൽ ആശങ്ക സൃഷ്ടിച്ചു. ഫോട്ടോ: കുഴൂർ പഞ്ചായത്ത് കുണ്ടൂരിൽ പുഴ കരയിലേക്കെത്തിയ നിലയിൽ TCM puzha Kara Kayarunnu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.