ദൂരെയുള്ള സ്കൂളിൽ പോകാൻ വൃന്ദക്ക് പൊലീസ് വക സൈക്കിൾ

വാടാനപ്പള്ളി: വേനലവധി കഴിഞ്ഞ്​ ദൂരെയുള്ള സ്‌കൂളിൽ പോകാൻ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് പൊലീസ് സമ്മാനമായി സൈക്കിൾ നൽകി. അരിമ്പൂർ ചേന്ദ്ര വീട്ടിൽ സുധീഷ്-സോണി ദമ്പതികളുടെ മകൾ വൃന്ദക്കാണ് വാടാനപ്പള്ളി പൊലീസ് പുതിയ സൈക്കിൾ സമ്മാനിച്ചത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് വൃന്ദ. ഒന്നാം ക്ലാസ് മുതൽ പ്രസംഗ മത്സരത്തിൽ ഒട്ടേറെ സമ്മാനങ്ങൾ ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. ഏതാനും മാസം മുമ്പ്​ വാടാനപ്പള്ളി എസ്.എച്ച്.ഒ എസ്.ആർ. സനീഷ്, എസ്.ഐ വിവേക് നാരായണൻ എന്നിവർ വൃന്ദയുടെ പ്രസംഗം കേൾക്കാൻ ഇടയായിരുന്നു. പ്രസംഗം സാകൂതം കേട്ടിരുന്ന പൊലീസ് മാമന്മാർ നിർബന്ധിച്ചപ്പോഴാണ്​ സ്‌കൂളിൽ പോകാൻ സൈക്കിൾ വേണമെന്ന ആഗ്രഹം വൃന്ദ പങ്കുവെച്ചത്​. തുടർന്ന്​ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ അസീസ് തളിക്കുളത്തിന്റെ പിന്തുണയോടെ പൊലീസ് പുതിയ സൈക്കിൾ വൃന്ദയുടെ തൃത്തല്ലൂരിലെ അമ്മവീട്ടിലെത്തി സമ്മാനിച്ചു. പൊലീസ് മാമന്മാരെ പൂക്കൾ നൽകി സ്വീകരിച്ച കുട്ടി പ്രസംഗവും അവതരിപ്പിച്ചു. പഠിച്ച് ജോലി നേടി മറ്റുള്ളവർക്ക് ഇതുപോലൊരു സമ്മാനം നൽകണമെന്ന് എസ്.എച്ച്.ഒ എസ്.ആർ. സനീഷും എസ്.ഐ വിവേക് നാരായണനും കുട്ടിയെ ഓർമപ്പെടുത്തി. എസ്.ഐ കെ. രാജീവ്, സി.പി.ഒമാരായ വിനോദ്, സലിം, പി.കെ. അലി എന്നിവരും കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. തൃത്തല്ലൂർ വിദ്യാപോഷിണി സ്‌കൂളിൽ നാലിൽനിന്ന് ജയിച്ച് കമല നെഹ്‌റു ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് വൃന്ദ. എൽ.എസ്.എസ് സ്‌കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. TCK VTPLY 1 വൃന്ദക്ക് വാടാനപ്പള്ളി പൊലീസ് സൈക്കിൾ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.