മണ്ണുത്തി സി.ഐക്കെതിരെ അന്വേഷണം

തൃശൂർ: പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും കേസെടുക്കാതെ സമ്മർദത്തിലാക്കി പിൻവലിപ്പിക്കുകയും ചെയ്യുന്നെന്ന പരാതിയിൽ മണ്ണുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ശശിധരൻ പിള്ളക്കെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്. ദേശീയപാതയിലെ അപകട മരണങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി 'നേർക്കാഴ്ച' അസോസിയേഷൻ ചെയർമാൻ പി.ബി. സതീഷ് ആഭ്യന്തര വകുപ്പിന് അയച്ച പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വ്യക്തിഗത അന്വേഷണം നടത്തി അനന്തര നടപടികൾ സ്വീകരിക്കാനും ഉചിത നടപടി സ്വീകരിച്ചത് സംബന്ധിച്ച് പരാതിക്കാരന് മറുപടി നൽകാനും അതിന്‍റെ കൈപ്പറ്റ് രസീത് പകർപ്പും പരാതിക്കാരന്‍റെ മൊഴിപ്പകർപ്പുമടക്കം ഓഫിസിലേക്ക് അയക്കാനും കമീഷണർക്ക് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പി നൽകിയ ഉത്തരവിൽ നിർദേശിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാതയായ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ അപകടങ്ങളും മരണങ്ങളും വർധിക്കുന്നത് പാതയുടെ അശാസ്ത്രീയ നിർമാണപ്രവൃത്തിയെ തുടർന്നാണെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷനും പാതയുടെ അശാസ്ത്രീയ നിർമാണം ശരിവെക്കുകയും കരാർപ്രകാരമുള്ള പ്രവൃത്തികൾ ചെയ്യാതിരുന്നതും റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമം 198 (എ) പ്രകാരം ദേശീയപാതയിൽ അപകടസാധ്യത ഉണ്ടായാൽപോലും അധികൃതരിൽനിന്ന്​ ഒരുലക്ഷം വരെ പിഴ ഈടാക്കാമെന്ന വകുപ്പ് പ്രകാരം കേസെടുക്കാം. അപകടങ്ങൾ സംഭവിക്കാൻ പോകുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സ്ഥലങ്ങൾ ഫോട്ടോയിലൂടെയും കാമറദൃശ്യങ്ങളിലൂടെയും തെളിവുകളോടെ രേഖപ്പെടുത്തി ദേശീയപാത അധികൃതരെ എതിർകക്ഷിയാക്കി പൊലീസിന് നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെതിരെ നേർക്കാഴ്ച നേരത്തേ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് കേസെടുക്കാതെ ദേശീയപാത അധികൃതരെ സംരക്ഷിച്ച് വാഹനങ്ങൾ ഓടിക്കുന്നവരുടെ അശ്രദ്ധമൂലമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കുകയായിരുന്നെന്നാണ്​ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.