ചാലക്കുടി: നഗരസഭ യോഗങ്ങളിലെ തീരുമാനങ്ങള്‍ നൽകാത്തതിനെ ചൊല്ലി ചാലക്കുടി നഗരസഭ യോഗത്തിൽ ബഹളം. വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്‍റെ തുടക്കത്തിലാണ് തർക്കം ഉണ്ടായത്. ഈ വിഷയത്തിൽ ചോദ്യം ഉന്നയിച്ച പ്രതിപക്ഷ സ്വതന്ത്ര കൗണ്‍സിലർ വി.ജെ. ജോജിയും നഗരസഭ ചെയര്‍മാൻ വി.ഒ. പൈലപ്പനും തമ്മിലായിരുന്നു വാക്കേറ്റം. കൗണ്‍സില്‍ യോഗം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ യോഗ തീരുമാനങ്ങള്‍ നൽകണമെന്നാണ് ചട്ടമെന്നും എന്നാല്‍, കഴിഞ്ഞ രണ്ടുമാസത്തെ യോഗ തീരുമാനങ്ങള്‍ ഇതുവരെ കൗണ്‍സിലര്‍മാര്‍ക്ക് നൽകിയിട്ടില്ലെന്നും ജോജി ആരോപിച്ചു. ചെയര്‍മാന്‍ ഈ വിഷയത്തിലെ വീഴ്ച ന്യായീകരിക്കാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിന് വഴിതെളിച്ചത്. കൗണ്‍സില്‍ യോഗങ്ങള്‍ കൃത്യമായി ചേരാതെയും കൗണ്‍സിലര്‍മാര്‍ അറിയാതെയും ചെയര്‍മാന്‍ നിയമവിരുദ്ധമായി തീരുമാനങ്ങള്‍ മിനിട്ട്സില്‍ എഴുതിച്ചേര്‍ക്കുകയാണെന്ന് ജോജി ആരോപിച്ചു. യോഗതീരുമാനങ്ങള്‍ അടുത്തദിവസംതന്നെ നൽകാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നൽകിയതോടെയാണ് തർക്കം അവസാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അമൃത് 2.0ല്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി തയാറാക്കിയ 11.70 കോടി രൂപയുടെ കരട് പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം നൽകി. നിലവിലെ ഹൈലെവല്‍ കുടിവെള്ള പദ്ധതിയുടെ താണിപ്പാറയിലെ ടാങ്ക് നവീകരണത്തിന് 60 ലക്ഷം, പഴയ പൈപ്പ്ലൈനുകള് മാറ്റി സ്ഥാപിക്കാന്‍ ആറുകോടി, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നവീകരണത്തിന് 1.68 കോടി, ഇലക്ട്രിക് വര്‍ക്കുകള്‍ക്കും മോട്ടോറിനും 50 ലക്ഷം, 2500 പുതിയ കണക്ഷനുകള്‍ നൽകാൻ മൂന്നുകോടി എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പ്രവൃത്തികള്‍. 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവും 25 ശതമാനം നഗരസഭ വിഹിതവും ഉള്‍പ്പെടുന്നതാണ് പദ്ധതി. യോഗത്തിൽ നഗരസഭ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.