റനില്‍ വിക്രമസിംഗെക്ക് ഗുരുവായൂരുമായി അഭേദ്യബന്ധം

-ലിജിത്ത്​ തരകൻ ഗുരുവായൂര്‍: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുന്ന റനില്‍ വിക്രമസിംഗെ തികഞ്ഞ ഗുരുവായൂരപ്പ ഭക്തന്‍. അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം പലതവണ വിക്രമസിംഗെ ഗുരുവായൂരിലെത്തി വഴിപാടുകള്‍ നടത്താറുണ്ട്. 2016 ഫെബ്രുവരി 12നാണ് പ്രധാനമന്ത്രിയായിരിക്കേ അവസാനമായി ഗുരുവായൂരിലെത്തിയത്. ഭാര്യ പ്രഫ. മൈത്രി വിക്രമസിംഗെ, ശ്രീലങ്കന്‍ ഹിന്ദുമതകാര്യമന്ത്രി ഡി.എം. സ്വാമിനാഥന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ദർശനം. മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. 2014, 2015 വര്‍ഷങ്ങളിലും അദ്ദേഹം ഗുരുവായൂരിലെത്തി. ദേവസ്വത്തിലെ ആനകളുടെ പരിപാലനത്തിന് ശ്രീലങ്കന്‍ സര്‍ക്കാറിന്റെ സഹായം അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ദേവസ്വവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ സാംസ്കാരിക വിനിമയ പദ്ധതി തയാറാക്കുമെന്നും ചുവര്‍ചിത്രം, ദാരുശിൽപം, വാദ്യം തുടങ്ങിയ മേഖലയില്‍ സഹകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, വിക്രമസിംഗെ അധികാരത്തില്‍നിന്ന് മാറിയതോടെ തുടര്‍നടപടിയുണ്ടായില്ല. 2008ല്‍ പ്രതിപക്ഷ നേതാവായിരിക്കെയും ഗുരുവായൂരിലെത്തിയിരുന്നു. പത്ത് തവണയോളം വിക്രമസിംഗെ ദര്‍ശനത്തിനെത്തിയിട്ടുണ്ട്. നാഗസ്വര വിദഗ്ധന്‍ ഗുരുവായൂര്‍ മുരളിയുമായി വിക്രമസിംഗെക്ക് 35 വര്‍ഷത്തോളം നീണ്ട സൗഹൃദമുണ്ട്. ദര്‍ശനത്തിനെത്തുമ്പോഴെല്ലാം മുരളിയും ഒപ്പമുണ്ടാകാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.