കൊച്ചി രാജാവിന്‍റെ നീരാട്ടുകുളത്തിനരികെ തിരുവിതാംകൂർ മഹാറാണി

തൃശൂർ: കൊച്ചി രാജകുടുംബത്തിന്‍റെ നീരാട്ടുകടവിൽ തിരുവിതാംകൂർ മഹാറാണിയെത്തി. കൊച്ചി രാജകുടുംബവും തിരുവിതാംകൂർ രാജകുടുംബവും തമ്മിലെ ബന്ധം ഓർമിപ്പിച്ചും ചരിത്രം പറഞ്ഞും മണിക്കൂറുകൾ ചിലവിട്ടാണ് ഇവർ മടങ്ങിയത്. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയാണ് കൊച്ചി രാജകുടുംബത്തിന്‍റെ നീരാട്ടുകടവായ വടക്കേച്ചിറയിലെത്തിയത്. രാജകുടുംബം നിത്യസന്ദർശനം നടത്തിയിരുന്ന ക്ഷേത്രമായി അറിയപ്പെടുന്ന അശോകേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തിയും മണിക്കൂറുകളോളം വിവരങ്ങൾ അന്വേഷിച്ചും ചരിത്രം പറഞ്ഞും ക്ഷേത്രത്തിലും കൊട്ടാരപരിസരത്തും നടന്നു. ഏറെ നാൾ മുമ്പാണ് തിരുവിതാംകൂർ രാജകുടുംബം അശോകേശ്വരം ക്ഷേത്രവും വടക്കേച്ചിറയും കാണണമെന്ന ആഗ്രഹം കൊച്ചിൻ ദേവസ്വം ബോർഡിനെ അറിയിച്ചത്. സ്വാഗതമറിയിച്ച് ദേവസ്വം രാജകുടുംബത്തിന് മറുപടിയും നൽകി. കഴിഞ്ഞ ദിവസമാണ്, തൃശൂരിലെത്തുന്നുണ്ടെന്നും ക്ഷേത്രദർശനത്തിന് കഴിയുമോയെന്നും ചോദിച്ച് വീണ്ടും ബന്ധപ്പെട്ടത്. സൗകര്യമേർപ്പെടുത്തിയതായി ദേവസ്വം മറുപടി നൽകി. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് ലക്ഷ്മിബായി ക്ഷേത്രത്തിലെത്തിയത്. ബോർഡ് പ്രസിഡന്‍റ്​ വി. നന്ദകുമാർ, അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവർ പൂർണകുംഭത്തോടെ സ്വീകരിച്ചു. ക്ഷേത്രദർശനത്തിനുശേഷമാണ് കൊച്ചി രാജാവിന്‍റെ നീരാട്ടുകടവ് (വടക്കേച്ചിറ) കാണാനെത്തിയത്. വായിച്ചും കേട്ടുമറിഞ്ഞ വടക്കേച്ചിറയുടെ സൗന്ദര്യവും നഗരമധ്യത്തിലെ നീർത്തടാകവും ഏറെ സന്തോഷം നൽകുന്നതായി ലക്ഷ്മിബായി പറഞ്ഞു. കൊച്ചി രാജകുടുംബത്തിന്‍റെ ക്ഷേത്രമായ പഴയന്നൂർ ക്ഷേത്രവും ബ്രഹ്മസ്വം മഠവും കാണാനെത്തുമെന്നും അവർ അറിയിച്ചു. ഉച്ചക്ക് 12ഓടെയാണ് മടങ്ങിയത്. പി. ബാലചന്ദ്രൻ എം.എൽ.എ, ദേവസ്വം കമീഷണർ എൻ. ജ്യോതി, തൃശൂർ ഗ്രൂപ് അസിസ്റ്റന്‍റ്​ കമീഷണർ എം.ജി. ജഗദീഷ്, അശോകേശ്വരം ദേവസ്വം ഓഫിസർ ജി. ശ്രീരാജ്, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവരും തിരുവിതാംകൂർ രാജകുടുംബാംഗത്തെ സ്വീകരിക്കാനെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.