വടകര: ദേശീയപാത വികസനത്തിനായി സ്ഥലവും വീടും വിട്ടു നൽകിയവർക്ക് വീണ്ടും തിരിച്ചടി. മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ റോഡിന് ഇരുവശത്തുമുള്ളവർക്ക് സർവിസ് റോഡ് ഇല്ലാത്തത് തിരിച്ചടിയാവും. മുക്കാളിക്കും കുഞ്ഞിപ്പള്ളിക്കുമിടയിൽ ഇരുഭാഗത്തും ടോൾ പ്ലാസ സ്ഥാപിക്കുന്നതാണ് സർവിസ് റോഡ് നഷ്ടപ്പെടാൻ ഇടയാക്കുന്നത്.
പ്രദേശത്ത് നിലവിൽ സർവിസ് റോഡില്ലെന്ന് ദേശീയപാത അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. സർവിസ് റോഡ് ഇല്ലാത്തത് മിനി സ്റ്റേഡിയം, അഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചോമ്പാല പൊലീസ് സ്റ്റേഷൻ, വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, മുക്കാളി കെ.എസ്.ഇ.ബി ഓഫിസ്, ചോമ്പാല ബി.എസ്.എൻ.എൽ ഓഫിസ്, സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളിലുള്ളവരുടെ യാത്ര തടസ്സപ്പെടും. സർവിസ് റോഡ് ഒഴിവാക്കിയുള്ള നിർമാണ പ്രവൃത്തികൾ കരാർ കമ്പനി ആരംഭിച്ചിട്ടുണ്ട്.
നേരത്തെ കെ.കെ. രമ എം.എൽ.എയും കരാർ കമ്പനി അധികൃതരും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ചർച്ചക്കായി കുഞ്ഞിപ്പള്ളി ടൗണിൽ എത്തിയിരുന്നു. ഈ സമയത്ത് അഴിയൂർ പഞ്ചായത്തിൽ ഇരുഭാഗത്തും സർവിസ് റോഡ് ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ദേശീയപാത നിർമ്മാണം പൂർത്തിയാവുന്നതോടെ ഇരുവശങ്ങളിലുമുള്ള യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാത അഴിയൂർ റീച്ചിന്റെ നിർമാണ പ്രവൃത്തികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആക്ഷേപങ്ങൾ തക്ക സമയത്ത് പരിഹരിച്ച് മുന്നോട്ടു പോയാൽ പാത വികസനത്തിന് ഏറെ മുതൽക്കൂട്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.