കായംകുളം: എരുവയിൽ വീട്ടിൽ പൂഴ്ത്തിവെച്ചിരുന്ന റേഷനരിയുടെ വൻശേഖരം പിടികൂടി. സിവിൽ സപ്ലൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിൽ 5,500 കിലോ റേഷൻ അരി പിടിച്ചെടുത്തു. 118 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പച്ചരിയും കുത്തരിയും അടക്കമുള്ളവയാണ് പിടികൂടിയത്.
അനധികൃതമായി അരി സൂക്ഷിച്ചതിന്റെ പേരിൽ രണ്ട് മാസം മുമ്പ് ലൈസൻസ് സസ്പെൻഡ് ചെയ്ത റേഷൻ വ്യാപാരിയുടെ ബന്ധുവാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നതെന്ന് പറയുന്നു. ഇതു സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
റേഷൻകട വഴി പൊതുവിതരണത്തിന് എത്തിക്കുന്ന അരി പൂഴ്ത്തിവെച്ച് പോളിഷ് ചെയ്ത് മാർക്കറ്റുകളിലേക്ക് മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. കൂടാതെ അരിപ്പൊടി പുട്ടുപൊടി പോലുള്ള ഉൽപന്നങ്ങൾക്കായും ഇവ ഉപയോഗിക്കുന്നു. കാർഡ് ഉടമകൾക്ക് അനുവദിക്കുന്ന അരി തുച്ഛമായ വില നൽകിയാണ് ഇത്തരത്തിൽ ശേഖരിക്കുന്നത്.
എഫ്.സി.ഐ ചാക്കുകളിൽനിന്നും മറ്റു ചാക്കുകളിലേക്ക് മാറ്റിയ രീതിയിലാണ് അരിയുണ്ടായിരുന്നത്. ഇത്തരത്തിൽ വ്യാപാരം നടത്തുന്ന വൻ റാക്കറ്റുകളാണ് മേഖലയിൽ പ്രവർത്തിക്കുന്നതെന്ന് സിവിൽ സപ്ലൈസ് സംസ്ഥാന വിജിലൻസ് ഓഫിസർ അനിദത്ത് പറഞ്ഞു. ഇവരെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. സിവിൽ സപ്ലൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അരി പിടിച്ചെടുത്തത്.
വീടിന്റെ ലൊക്കേഷൻ, ചിത്രം എന്നിവ സഹിതമുള്ള വിവരങ്ങളാണ് അധികൃതർക്ക് ലഭിച്ചത്. റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് കലക്ടർക്ക് കൈമാറിയിട്ടുണ്ട്. ഇവിടെ നിന്നുള്ള അനുമതിയോടെ തുടർ നടപടികളും സ്വീകരിക്കും. കൊല്ലം ജില്ല സപ്ലൈ ഓഫിസർ സി.വി. മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയ്ഡിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.