വാഹന പരിശോധന: എസ്‌.ഐയും സി.പി.എം നേതാവും തമ്മിൽ വാക്കേറ്റം; അനുനയിപ്പിക്കാൻ ഡിവൈ.എസ്.പി

പത്തനംതിട്ട: പാറമടകളിൽനിന്ന് അമിതലോഡ് കയറ്റിവന്ന ടോറസുകൾ പരിശോധിക്കുന്നതിനിടെ എസ്‌.ഐയും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായി നടുറോഡില്‍ വാക്കേറ്റം. ലോറികൾക്ക് പിഴ ഈടാക്കുന്നതില്‍ എസ്‌.ഐ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നേതാവ് രംഗത്തുവന്നത്. എസ്‌.ഐയും അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ നാട്ടുകാരും തടിച്ചുകൂടി. ഒടുവില്‍ ഡിവൈ.എസ്.പി നേരിട്ട് സ്ഥലത്ത് വന്ന് ഇരുകൂട്ടരെയും അനുനയിപ്പിച്ച്‌ മാറ്റി. വാക്കേറ്റത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വൈറല്‍ ആയതിന് പിന്നാലെ എസ്‌.ഐക്കെതിരെ നാട്ടുകാരന്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.

ഇന്‍റര്‍സെപ്റ്റര്‍ വാഹനവുമായി പരിശോധന നടത്തുകയായിരുന്ന കോന്നി എസ്‌.ഐ സജു എബ്രഹാമും സി.പി.എം അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി ദീദു ബാലനുമാണ് ബുധനാഴ്ച ഉച്ചക്ക് 12ഓടെ കോന്നി അരുവാപ്പുലം തേക്കുതോട്ടം ജങ്ഷനില്‍ കൊരുത്തത്. വ്യക്തിപരമായി അധിക്ഷേപിച്ചപ്പോൾ എസ്‌.ഐയും മറുപടി കൊടുത്തു. വിവരമറിഞ്ഞ് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തര്‍ സ്ഥലത്തുവന്ന് ഇരുകൂട്ടരെയും അനുനയിപ്പിച്ച്‌ വിട്ടു.

കഴിഞ്ഞ 25ന് വകയാറില്‍ എസ്‌.ഐ സജു വാഹനം പരിശോധിക്കുമ്പോള്‍ ദീദു ബാലനുമായി തര്‍ക്കം ഉണ്ടായിരുന്നു. പാറമടയില്‍നിന്ന് അമിതലോഡ് കയറ്റി വന്ന വാഹനങ്ങള്‍ വെയ്ബ്രിഡ്ജില്‍ തൂക്കിനോക്കി എസ്‌.ഐ ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ലോറിക്ക് 30,000 രൂപ വരെ പിഴയിനത്തില്‍ ഈടാക്കി. അന്നും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്തര്‍ക്കം നടന്നു. തന്‍റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയിട്ടും ദീദുവിനെതിരെ പരാതി നല്‍കാന്‍ എസ്‌.ഐ തയാറായിട്ടില്ല.

അതേസമയം, ആളെ നോക്കിയാണ് എസ്‌.ഐ പിഴ ഈടാക്കുന്നത് എന്നാണ് ലോക്കല്‍ സെക്രട്ടറി പറയുന്നത്. മുമ്പ് മൂന്നു വാഹനം ഒന്നിച്ചുപിടിക്കുകയും അതില്‍ രണ്ടെണ്ണം കുറഞ്ഞ പിഴ ചുമത്തി വിട്ടയക്കുകയും ഒരെണ്ണത്തിന് വന്‍തുക പിഴ ഈടാക്കുകയും ചെയ്തുവെന്ന് ഇവര്‍ പറയുന്നു. ഇതാണ് ചോദ്യം ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം, വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‍റെ പേരില്‍ എസ്‌.ഐ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച്‌ അരുവാപ്പുലം പാറക്കല്‍ പി.വി. ബിജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞദിവസം പാറമടയിൽനിന്ന് അമിതലോഡ് കയറ്റി വന്ന ടോറസ് നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു.

എസ്‌.ഐ സജുവിനെ കഴിഞ്ഞയാഴ്ച പത്തനംതിട്ടയിലേക്ക് മാറ്റി ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, ഇതുവരെ ഉത്തരവ് നടപ്പായില്ല. നിലവില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായി കൊരുത്തതിന്‍റെ പേരിലാണ് എസ്‌.ഐയെ മാറ്റിയത് എന്ന പ്രചാരണം ശരിയല്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Tags:    
News Summary - Vehicle check: Clash between SI and CPM leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.