പത്തനംതിട്ട: ഓണം ലക്ഷ്യമിട്ട് പച്ചക്കറിയും കിഴങ്ങ് വിളകളും ഉൽപാദിപ്പിക്കാൻ കൃഷി വകുപ്പ്. ഇതിനായി ജില്ലയിൽ 500 ഹെക്ടറിലാണ് വിത്തിറക്കിയിരിക്കുന്നത്. പയർ, വെണ്ടക്ക, പാവൽ, മുളക്, തക്കാളി, വഴുതന, പടവലങ്ങ, വെള്ളരി തുടങ്ങി വിവിധ തരം പച്ചക്കറി വിത്തുകളും ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവിളകളുമാണ് കൃഷി ചെയ്യുന്നത്. ജൈവരീതിയിലാണ് കൃഷി. അത്യുൽപാദന ശേഷിയുള്ള 5000 വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് ലക്ഷം തൈകളും 50,000 വിത്തുകളും ഓണകൃഷിക്കായി നൽകി. സൗജന്യമായാണ് കർഷകർക്ക് വിത്തുകളും തൈകളും നൽകുന്നത്.
പന്തളം തെക്കേകര, വള്ളിക്കോട്, പ്രമാടം, കുറ്റൂർ പഞ്ചായത്തുകളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉൽപാദനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്ത് പച്ചക്കറി വികസന പദ്ധതി നടപ്പാക്കുന്നത്. വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. വീട്ടുവളപ്പിലെ കൃഷി, പുരയിട കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണികളിൽ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.