പ്രതീകാത്മക ചിത്രം

റിമാന്‍ഡ് റിപ്പോര്‍ട്ട് ചോർത്തി; എസ്.ഐക്ക് സസ്പെൻഷൻ

തിരുവല്ല: വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തിനല്‍കിയ ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല സ്റ്റേഷനിലെ മുന്‍ ഗ്രേഡ് എസ്‌.ഐ എസ്.എല്‍. ബിനുകുമാറിനെയാണ് ഡി.ഐ.ജി അജിത ബീഗം സസ്‌പെന്‍ഡ് ചെയ്തത്. തിരുവല്ലയിലെ ബാറില്‍വെച്ച് കാലില്‍ ചവിട്ടിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതികളായ കാപ്പ കേസ് പ്രതി രാഹുല്‍ മനോജ്, കിരണ്‍ തോമസ് എന്നിവരെ കോടതിയില്‍ ഹാജരാക്കുംമുമ്പ് ബിനുകുമാര്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പകര്‍പ്പ് പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന യുവ അഭിഭാഷകന് ചോര്‍ത്തി നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി.

നവംബർ 24നാണ് പ്രതികളെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കുള്ള പകര്‍പ്പില്ലെന്ന് തിരുവല്ല സ്റ്റേഷനിലേക്ക് അറിയിച്ചു. എസ്.എച്ച്.ഒ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോടതിയില്‍ നല്‍കുന്നതിന് എസ്‌.ഐ ബിനുകുമാറിനെ ഏൽപിച്ചിരുന്നതായും എന്നാല്‍, പ്രതികളെ കോടതിയില്‍ ഹാജരാക്കുംമുമ്പ് പ്രതിഭാഗം അഭിഭാഷകന് ബിനുകുമാര്‍ ഇത് നല്‍കിയെന്നും കണ്ടെത്തിയിരുന്നു.

പലപ്പോഴായി അഭിഭാഷകനില്‍നിന്ന് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ ബിനുകുമാറിനെ തിരുവല്ല സ്റ്റേഷനിൽനിന്ന് എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്‌പെൻഷൻ.

Tags:    
News Summary - Remand report leaked; SI suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.