പത്തനംതിട്ട: നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ആരാധനാലയം അടച്ചു പൂട്ടാനുള്ള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കി പൊലീസ്. പത്തനംതിട്ട - ഓമല്ലൂര്‍ റോഡില്‍ പുത്തന്‍പീടികയില്‍ പ്രവര്‍ത്തിക്കുന്ന എലോഹിം ഗ്ലോബല്‍ വര്‍ഷിപ് സെന്റർ പ്രവര്‍ത്തനമാണ് പൊലീസ് തടഞ്ഞത്. പാസ്റ്റർ ബിനു വാഴമുട്ടമാണ് സെന്റര്‍ നടത്തിപ്പുകാരന്. ഇയാള്‍ക്കെതിരെ നിരവധി പരാതികളും ആരോപണങ്ങളും ഉയർന്നിരുന്നു. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രാര്‍ഥനാലയം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി വെക്കാനുള്ള കോടതി ഉത്തരവ് ലംഘിച്ച് പ്രവര്ത്തിപ്പിച്ചുപോന്നു.
ഇതിനെതിരേ പരാതി വ്യാപകമായതോടെയാണ് പൊലീസും പഞ്ചായത്തും ചേര്‍ന്ന് അടച്ചു പൂട്ടാന്‍ ഇറങ്ങിയത്. പ്രാര്‍ഥനാലയം പ്രവര്‍ത്തിക്കണമെങ്കില്‍ കലക്ടറുടെ അനുമതി വേണം. കൊമേഴ്സ്യല്‍ ബില്‍ഡിങ്ങിലാണ് ആരാധനാലയം പ്രവര്‍ത്തിച്ചിരുന്നത്. ഇതിനോട് ചേര്‍ന്ന മുറികളില്‍ ബിനുവിന്റെ സഭാവിശ്വാസികളായ ഏതാനും കുടുംബങ്ങളെ താമസിപ്പിച്ചിട്ടുമുണ്ട്. ബുധനാഴ്ച രാവിലെ ഓമല്ലൂര്‍ പഞ്ചായത്ത് അധികൃതരും പൊലീസും കോടതിവിധി നടപ്പാക്കാനെത്തി.
ഇതോടെ കുറച്ചുപേരെ അകത്ത് നിർത്തി പുറത്തുനിന്ന് പൂട്ടി. ഇവരില്‍ ചിലര്‍ പുറത്ത് നിന്നു. പൊലീസിനോട് തര്‍ക്കിക്കുകയും മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കോടതി ഉത്തരവ് കൈപ്പറ്റാനും ഇവര്‍ മടിച്ചു. സ്ഥലത്ത് വന്ന ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ ഇവരുമായി ചര്‍ച്ച നടത്തിയിട്ടും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. തുടർന്ന് സമ്മർദം ചെലുത്തിയതോടെ കൂട്ടത്തില്‍ ഒരാള്‍ ഉത്തരവ് കൈപ്പറ്റി.
അകത്ത് പൂട്ടിയിട്ടിരിക്കുന്നവരെ തുറന്നുവിടാന്‍ പൊലീസ് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. കോടതി ഉത്തരവ് ലംഘിച്ച് പ്രാര്‍ഥന നടത്തരുതെന്ന കർശന നിർദേശം നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.