എം.ജി സർവകലാശാല കലോത്സവ ദഫ്മുട്ട് വേദിയിൽനിന്ന്
പത്തനംതിട്ട: എം.ജി സർവകലാശാല കലോത്സവം ചൊവ്വാഴ്ച കൊടിയിറങ്ങും. വൈകീട്ട് ഏഴിന് ജില്ല സ്റ്റേഡിയത്തിലെ വേദിയിൽ സമാപന സമ്മേളനവും സമ്മാനവിതരണവും നടക്കും. കിരീടത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇന്ന് ഒപ്പന, മിമിക്രി, കഥാപ്രസംഗം മത്സരങ്ങൾകൂടി നടക്കാനുണ്ട്. വിവിധ ഇനങ്ങളിലായി ആദ്യദിവസം മുതല്‍ തന്നെ കടുത്ത മത്സരങ്ങളാണ് അരങ്ങേറിയത്.
സിനിമ സംവിധായകൻ എബ്രിഡ് ഷൈൻ, തെന്നിന്ത്യൻ താരം ഷാൻവി ശ്രീവാസ്തവ, ആന്റണി പെപ്പേ, അനശ്വര രാജ്, കൈലാഷ്, സംഗീത സംവിധായകൻ സൂരജ്, ലക്ഷ്മി അജിത് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
അറബി ബൈത്തുകളുടെ ശീലുകളും അറബി - മലയാള സാഹിത്യത്തിലെ ഗാനങ്ങളും കോർത്തിണക്കി ദഫ്താളത്തിന്റെ മുറുക്കത്തോടെ എം.ജി കലോത്സവ വേദിയിൽ ദഫ്മുട്ട് റമദാൻ രാവിന് ആത്മീയ പരിവേഷമേകി. 18 ടീമാണ് താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചരിഞ്ഞും ചുവടുകൾ വെച്ച് ദഫ്മുട്ട് അവതരിപ്പിച്ചത്. സലാത്തോടെ തുടങ്ങി മേളം ഒന്നാം കാലം, രണ്ടാം കാലം, മൂന്നാം കാലം എന്നിങ്ങനെ വളർന്ന് പര്യവസാനിക്കുന്ന ദഫ്മുട്ട് കാണാൻ വളരെയധികംപേർ ഉണ്ടായിരുന്നു.
ശാസ്ത്രീയ സംഗീതത്തിൽ കേമനായി അർജുൻ രാജ്കുമാർ
ആൺകുട്ടികളുടെ ശാസ്ത്രീയസംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം കോട്ടയം ബസേലിയോസ് കോളജിലെ അർജുൻ രാജ്കുമാറിന്. ബി.കോം രണ്ടാം വർഷ വിദ്യാർഥിയാണ്. സ്കൂളിൽ പഠിക്കുന്ന കാലംമുതലേ അർജുൻ ശാസ്ത്രീയസംഗീതം അഭ്യസിക്കുന്നുണ്ട്. സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലും പങ്കെടുത്തിട്ടുണ്ട്. വാഴപ്പള്ളി ഹരിരാഭനന്ദനാണ് ഗുരു. പിതാവ് രാജ്കുമാർ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. മാതാവ്: സിന്ധു.
ആവർത്തന വിരസത നിറഞ്ഞ മൂകാഭിനയ വേദിയിൽ വ്യത്യസ്ത പ്രമേയവുമായി എത്തി ശ്രദ്ധ നേടി പറവൂർ എസ്.എൻ.എം കോളജിലെ വിദ്യാർഥികൾ. സമൂഹത്തിൽ പിന്തള്ളപ്പെടുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിെൻറ കഥയാണ് ഇവർ അരങ്ങിൽ എത്തിച്ചത്. മീനാക്ഷി, ആരതി, ജോസ്, ആര്യ, സോന, ആയുഷ് എന്നിവർ നിറഞ്ഞുനിന്ന മൂകാഭിനയം സദസ്സിനെ ഏറെ ആകർഷിച്ചു.
ഗുരു വൈശാഖിന്റെ ശിക്ഷണത്തിൽ വെറും 15 ദിവസം കൊണ്ടാണ് ഇവർ മൂകാഭിനയം പഠിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗം സമൂഹത്തിലും സ്വന്തം കുടുംബത്തിലും നേരിടുന്ന വെല്ലുവിളികൾ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവും മൂകാഭിനയത്തിന് ഉണ്ടായിരുന്നു എന്ന് മത്സരാർഥികൾ പറഞ്ഞു. സ്വന്തം വീട്ടുകാരിൽനിന്നുപോലും ഒറ്റപ്പെടുന്ന ദുരവസ്ഥയും വേദിയിൽ തെളിഞ്ഞു. വിവാഹ സമയമാകുമ്പോൾ ഇവർ നേരിടുന്ന മാനസിക പ്രശ്നങ്ങളും സദസ്യരുടെ കണ്ണുതുറപ്പിക്കുന്നതായി. ഇവരുടെ ഈ ഉദ്യമം നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.