ശബരിമല തീര്‍ഥാടന മുന്നൊരുക്കം അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍
മന്ത്രി വീണ ജോര്‍ജ് സംസാരിക്കുന്നു
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ യഥാസമയം എത്തുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതുസംബന്ധിച്ച് കണ്ട്രോള് റൂമിലും വിവരങ്ങള്‍ നല്‍കണം. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്തവര്‍ഷം നവംബര്‍ ഒന്നിനുമുമ്പ് എല്ലാ വകുപ്പുകളും തീര്‍ഥാടനത്തിന് ഒരുക്കം പൂര്‍ത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും പദ്ധതി നിര്‍ദേശങ്ങള്‍ സര്‍ക്കാറിലേക്ക് നല്‍കണം. പമ്പയില്‍ കെ.എസ്.ആർ.ടി.സി ബസുകളുടെ പാര്‍ക്കിങ്ങിന് ഉചിതമായ സ്ഥലം കണ്ടെത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പ്ലാപ്പള്ളി-ആങ്ങമൂഴി റോഡിെൻറ അറ്റകുറ്റപ്പണി ഈമാസം 10ന് മുമ്പ് പൂര്‍ത്തിയാക്കണം.
ആറാട്ടുപുഴ-ചെട്ടിമുക്ക്-ചെറുകോല്‍പുഴ റോഡിെൻറ നിര്‍മാണപ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്കി. കൈപ്പട്ടൂര്‍ പാലത്തില്‍ സംരക്ഷണഭിത്തി ബലപ്പെടുത്തുന്ന സ്ഥലം ദേശീയപാത വിഭാഗം തുടര്‍ച്ചയായി നിരീക്ഷിച്ച് അപകടമില്ലെന്ന് ഉറപ്പാക്കണം. പത്തനംതിട്ട ടൗണിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. തിരുവാഭരണ പാതയുടെ ശുചീകരണം ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പന്തളത്തെ ഡി.ടി.പി.സി അമനിറ്റി സെന്റര്‍ ഉടന്‍ ശുചീകരിച്ച് തീര്‍ഥാടനത്തിന് സജ്ജമാക്കണമെന്നും മന്ത്രി നിർദേശിച്ചു. സന്നിധാനം, നിലക്കല്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താല്‍ക്കാലിക പൊലീസ് സ്റ്റേഷനുകള്‍ തീര്‍ഥാടനകാലത്ത് ഉണ്ടാകും. ഹെല്പ് ലൈന്‍ നമ്പറുകള്‍ക്ക് വ്യാപക പ്രചാരണം നല്‍കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.
ഇക്കോ ഗാര്‍ഡുകൾ
തീര്‍ഥാടന പാതയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം ശേഖരിക്കുന്നതിന് ഇക്കോ ഗാര്‍ഡുകളെ നിയോഗിച്ചതായി ഡി.എഫ്.ഒ ആയുഷ് കുമാര്‍ ഖോരി അറിയിച്ചു. തീര്‍ഥാടകര്‍ കടന്നുപോകുന്ന ഉപ്പുപാറ-ശബരിമല കാനനപാത വൃത്തിയാക്കി. അഴുത-പമ്പ പാത നവീകരണം രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. വനംവകുപ്പിന്റെ ക്യാമ്പ് സൈറ്റുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി.
ഭക്ഷണശാലകളില്‍ വിലവിവരപ്പട്ടിക
ഭക്ഷണശാലകളില്‍ ജോലിചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് കൈയില്‍ കരുതണം ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചിട്ടുണ്ടെന്നും ഭക്ഷണശാലകളില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സംയുക്ത സ്ക്വാഡ് മുഖേന ഗ്യാസ് ഗോഡൗണുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. നിലക്കല്‍ മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബ് വിന്യസിക്കും.
തീര്‍ഥാടകര്‍ക്ക് പരാതി നല്‍കുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ടോള്‍ഫ്രീ നമ്പര്‍ സജ്ജമാക്കും. ഇലവുങ്കല്‍ കേന്ദ്രീകരിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ സേഫ്സോണ്‍ പദ്ധതി നടപ്പാക്കും. ശബരിമല പാതകളില്‍ 20 സ്ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
തുണിസഞ്ചികള്‍ നൽകും
ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നിലക്കല്‍ തീര്‍ഥാടകരില്‍നിന്ന് പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ചശേഷം പകരം തുണിസഞ്ചികള്‍ വിതരണം ചെയ്യും. റാന്നി, ളാഹ, കണമല എന്നിവിടങ്ങളില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുണിസഞ്ചി വിതരണം ചെയ്യും.
എമര്‍ജന്‍സി ഓപറേഷന് സെന്ററുകള്‍
ദുരന്തനിവാരണ വിഭാഗത്തിന് കീഴിലെ എമര്‍ജന്‍സി ഓപറേഷന് സെന്ററുകള്‍ നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഈമാസം 15ന് പ്രവര്‍ത്തനം ആരംഭിക്കും. പമ്പാനദിയിലെ ജലത്തിന്റെ ഗുണനിലവാരം തീര്‍ഥാടനകാലത്ത് പരിശോധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മൊബൈല്‍ കവറേജ് മെച്ചപ്പെടുത്തുന്നതിന് കൂടുതലായി 10 ടവറുകള്‍ സജ്ജമാക്കുമെന്ന് ബി.എസ്.എൻ.എല്‍ അറിയിച്ചു.
കെ.എസ്.ആർ.ടി.സി സര്‍വിസ് 15 മുതല്‍
തീര്‍ഥാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി സര്‍വിസ് ഈ മാസം 15 മുതല്‍ ആരംഭിക്കും. പമ്പ ത്രിവേണിയില്‍ 10 കൂപ്പണ്‍ കൗണ്ടര്‍ ക്രമീകരിക്കും. കുടിവെള്ള വിതരണ ക്രമീകരണങ്ങള്‍ ഈമാസം 10ന് പൂര്‍ത്തിയാക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. പ്രധാന കടവുകളില്‍ സുരക്ഷ വേലി ഇറിഗേഷന്‍ വകുപ്പ് സജ്ജമാക്കി. പമ്പയില്‍ തീര്‍ഥാടകര്‍ക്കായി 60 ഷവര്‍ യൂനിറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈമാസം 14 മുതല്‍ നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസ് റേഞ്ച് ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ജില്ലതലത്തിലുള്ള കണ്ട്രോള് റൂമിന് പുറമേ തിരുവല്ല, റാന്നി എന്നിവിടങ്ങളിലും കണ്ട്രോള് റൂം തുറക്കും. പന്തളം, ആറന്മുള എന്നിവിടങ്ങളില്‍ എക്സൈസ് വകുപ്പിന്റെ എയ്ഡ്പോസ്റ്റ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.