റാന്നി: വീട്ടിനുള്ളിൽ യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ മനുഷ്യാവകാശ കമീഷന് പരാതി നൽകി. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാെൻറ ഭാര്യ റിന്‍സ (23), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരെയാണ് കഴിഞ്ഞ ഏപ്രിൽ നാലിന് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
നാടിനെ നടുക്കിയ സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് കാട്ടിയാണ് നാട്ടുകാർ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. ചെറിയ കുപ്പിയിലെ മണ്ണെണ്ണ ഒഴിച്ചാണ് തീ കത്തിച്ചതെന്നാണ് പ്രചരിക്കുന്നത്. എന്നാൽ, വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തതിന്റേതായ ഒരു സാഹചര്യവും കാണുന്നില്ല.
ആത്മഹത്യാ കുറിപ്പിൽ ഭർത്താവിെൻറ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഗൾഫിൽനിന്ന് വന്ന ഭർത്താവിനെ കേസ് രജിസറ്റർ ചെയ്യാതെ തിരികെ വിട്ടത് സംശയം ജനിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. കുടുംബ വീടിന് സമീപം ഒറ്റക്ക് താമസിക്കുവായിരുന്ന യുവതിയെയും കുഞ്ഞിനെയും സംഭവദിവസം പകല്‍ വീടിനുവെളിയിലേക്ക് കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടത്.
സാനിമോളുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് നാളെ ധർണ
റാന്നി: താലൂക്കാശുപത്രിയിൽ പുറം വേദനയെ തുടർന്ന് ചികിത്സതേടിയ സെന്റ് തോമസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഷാനിമോൾ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാനിമോൾ ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പെരുമ്പെട്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സായാഹ്ന ധർണ നടത്തും.
ജീവൻ നിലനിർത്താൻ വേണ്ടുന്ന അത്യാധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നാണ് പരാതി. പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ ഷാനിമോളുടെ മാതാവ് പരാതി നൽകിയിട്ട് ഒരു മാസം പിന്നിടുമ്പോഴും മൊഴിയെടുക്കാനോ തുടരന്വേഷണം നടത്താനോ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും പറയുന്നു.
ആക്ഷൻ കൗൺസിൽ യോഗത്തിൽ സി.ഡി.സി ജില്ല കൺവീനർ രാജു തേക്കട, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ വർഗീസ്, കൊറ്റനാട് പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, ഉഷ ഗോപി, ജോജി പടപ്പക്കൽ, അജു കെ. മാത്യു, ഡോ. സുരേഷ് എം.കെ. എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.