റാന്നി: പമ്പ നദിക്ക് കുറുകെ പെരുമ്പുഴ-ഉപാസന കടവുകളെ ബന്ധിപ്പിച്ച് റാന്നിയിൽ പുതുതായി പണിയുന്ന സമാന്തര പാലത്തിന്‍റെ തുടർപണിക്ക് ഒച്ചിഴയും വേഗം. തൂണിന്‍റെ കമ്പികൾ തുരുമ്പെടുത്തുതുടങ്ങി. പാലം പണി പുനരാരംഭിക്കാൻ അവസാന നോട്ടിഫിക്കേഷൻ വന്നിട്ടും പഴയ അവസ്ഥ തുടരുകയാണ്. കമ്പികളിൽ തുരുമ്പുപിടിക്കാതെ പെയിന്‍റ് തേക്കുകയും പാലത്തിന്‍റെ നദിമധ്യത്തിലെ തൂണിന്‍റെ അടിത്തറയിലെ കരിങ്കൽകെട്ട് തകർന്നത് ശരിയാക്കിയിട്ടുമില്ല.
പണി നിർത്തിവെച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. മാർച്ചിൽ കിഫ്ബി ഉദ്യോഗസ്ഥർ പാലം പരിശോധിച്ചിരുന്നു. പുതിയപാലം നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയതായിരുന്നു അവസാന കടമ്പ. 2013ലെ നോട്ടിഫിക്കേഷൻ പ്രകാരം അപ്രോച്ച് റോഡിന് സ്ഥലം ഉടമകളുടെ പക്കൽനിന്ന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾക്ക് ഡെപ്യൂട്ടി കലക്ടറെ (എൽ.എ) ചുമതലപ്പെടുത്തിയിരുന്നു.
റാന്നി വില്ലേജിൽ 132 ഉം അങ്ങാടിയിൽ 20 ഉം വസ്തു ഉടമകളിൽനിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഇനി നോട്ടിഫിക്കേഷൻ 19കൂടി നടക്കാനുണ്ടെന്നും അതിനുശേഷം യോഗം ചേർന്ന് ക്ലിയൻസ് നടത്തിയെങ്കിൽ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാകൂവെന്നുമാണ് അധികൃതർ പറഞ്ഞിരുന്നത്.
ഇതിനിടെ എം.എൽ.എയുടെ നേതൃത്വത്തിൽ ഭൂവുടമകളുടെ യോഗം നടന്നിരുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതക്ക് സമാന്തരമായി പമ്പനദിക്ക് കുറുകെ പെരുമ്പുഴ-ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്. എന്നാൽ, ഇരുകരയിലുമുള്ള അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെ പാലം നിർമാണം മുടങ്ങി. സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിച്ചാൽ മാത്രമേ പാലത്തിന്‍റെ ബാക്കി നിർമാണപ്രവൃത്തി പൂർത്തിയാക്കൂ.
അങ്ങാടി കരയിൽ തിരുവല്ല-റാന്നി റോഡിൽനിന്ന് ഉപാസന കടവിലേക്കുള്ള പാത വീതി വർധിപ്പിച്ചാണ് അപ്രോച്ച് റോഡ് ഉയർത്തുന്നത്. രാമപുരം-ബ്ലോക്ക് പടി ബൈപാസ് വീതി വർധിപ്പിച്ചാണ് പെരുമ്പുഴ ഭാഗത്ത് അപ്രാച്ച് റോഡ് നിർമിക്കുന്നത്. ഇതിന് ഒന്നര കിലോമീറ്ററിലധികം വരും. റോഡിനുള്ള സ്ഥലം അളന്ന് നേരത്തേ കല്ലിട്ടിട്ടുണ്ട്. ഏറ്റെടുക്കൽ നടപടിയാണ് പൂർത്തിയാക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.