റാന്നി: അയ്യപ്പഭക്തരുടെ സൗകര്യാർഥം റാന്നി താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്ക് ആരംഭിക്കാൻ തീരുമാനമായി. മണ്ഡലകാലാരംഭത്തിന് മുന്നോടിയായി അയ്യപ്പഭക്തർക്ക് ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യം വിലയിരുത്താൻ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
റാന്നിയിൽനിന്ന് പമ്പക്ക് എരുമേലി വഴിയും വടശ്ശേരിക്കര വഴിയും കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ആരംഭിക്കുന്നതിനും ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിൽനിന്ന് പമ്പക്ക് പുറപ്പെടുന്ന ഏതാനും ബസുകൾ റാന്നിവഴി തിരിച്ചുവിടുന്നതിനും അതികൃതർക്ക് നിർദേശം നൽകി. തിരുവാഭരണ പാതയിൽ ചെറുകോൽ ആയിക്കലിൽ 17 ലക്ഷം രൂപയുടെ പാലം നിർമാണം ടെൻഡർ ചെയ്തായി ഇറിഗേഷൻ വകുപ്പ് അറിയിച്ചു. അപകടകരമായ കുളിക്കടവുകൾ കെട്ടിയടക്കുകയും വിവിധ ഭാഷകളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കാനും ഇവിടങ്ങളിൽ ലൈഫ് ഗാർഡിനെ നിയോഗിക്കുന്നതിനും നടപടിയായി. തിരുവാഭരണ പാതയിൽ പള്ളിക്ക മുരുപ്പ് ഭാഗത്ത് റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കും. ചെത്തോംകര-അത്തിക്കയം റോഡിലെ കണ്ണമ്പള്ളി ഭാഗത്തും അത്തിക്കയം-വെച്ചൂച്ചിറ റോഡിലെ ചെമ്പനോലി ഭാഗത്തും അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കും. വടശ്ശേരിക്കരയിലെ ഡി.ടി.ഡി.സി കെട്ടിടം തീർഥാടനകാലത്ത് വിട്ടുകിട്ടാൻ ആവശ്യപ്പെടും. ഫയർ ഓഡിറ്റിങ് നടത്തുകയും സ്കൂബ ഡൈവേഴ്സിെൻറ സേവനം ലഭ്യമാക്കുകയും ചെയ്യും.ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി എക്സൈസ് വകുപ്പുകൾ നിയമലംഘകർക്കെതിരെ കാര്യമായ പരിശോധനയും നടപടികളും സ്വീകരിക്കാൻ യോഗം നിർദേശിച്ചു.
മണ്ഡലകാലത്ത് 3000 പൊലീസ് ഉദ്യോഗസ്ഥരുടെയും മകരവിളക്കിന് 6000 ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി അറിയിച്ചു. തിരക്ക് കൂടിയാൽ വടശ്ശേരിക്കര, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ വാഹനം പിടിച്ചിടും. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപരിചിതരായി എത്തുന്നവർക്ക് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ഇവിടെ നിരീക്ഷണ കാമറകളും ബ്ലിങ്കർ ലൈറ്റുകളും കൂടുതൽ സ്ഥാപിക്കുന്നതിന് കെ.എസ്.ടി.പിയെ ചുമതലപ്പെടുത്തി. വടശ്ശേരിക്കര, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ താൽക്കാലിക പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മോഹനൻ, എസ്.ആർ. സന്തോഷ്കുമാർ, കെ.ആർ. പ്രകാശ്, ബിന്ദു വളയനാട്, ടി.കെ. ജയിംസ്, അനിത കുറുപ്പ്, ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ, തഹസിൽദാർ പി.ഡി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.