ചികിത്സാ പിഴവ്; രോഗിക്ക് നഷ്ടപരിഹാരമായി ആശുപത്രി അധികൃതര്‍ 1,60,000 നല്‍കാന്‍ വിധി

റാന്നി: ചികിത്സാപിഴവിലെ പരാതിയെ തുടര്‍ന്ന് അടൂർ മറിയ ആശുപത്രി അധികൃതർ 1,60,000 രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ​െൻറ വിധി. അടൂർ മറിയ ആശുപത്രിക്കും, ഡോക്ടർ ജിനു തോമസിനുമെതിരെയാണ് വിധി. അടൂർ പറക്കോട് - പുതുമല കാഞ്ഞിരവിളയിൽ വീട്ടിൽ സാനു ഡേവിഡ്​ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത കേസ്സിലാണ് 1,50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും എതിർകക്ഷികൾ ഹരജികക്ഷിക്കു നൽകാൻ വിധിച്ചത്.

2014 സെപ്റ്റംബറിൽ പത്തനംതിട്ടയ്ക്കടുത്തുവച്ചുണ്ടായ അപകടത്തെ തുടർന്ന് മറിയ ആശുപത്രിയിൽ സാനു ഡേവിഡിനെ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർ ജിനു തോമസ് അദ്ദേഹത്തെ പരിശോധിക്കുകയും ഇടതു കണങ്കാലി​െൻറ ജോയിൻറ്​ തെറ്റിയിട്ടുണ്ടെന്നും കാലിനുപൊട്ടലുണ്ടെന്ന്​ പറയുകയും തുടര്‍ന്ന് പ്ലാസ്റ്റർ ഇട്ട് വിടുകയും ചെയ്തു.

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കാണുകയും പഴയ പ്ലാസ്റ്റർ നീക്കം ചെയ്ത് പുതിയത്​ ഇടുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് ആശുപത്രിയിൽ പോയി കാലിൽ ഇട്ടിരുന്ന പ്ലാസ്റ്റർ നീക്കം ചെയ്ത ഡോക്​ടർ ഒരു മാസം നടന്നു കഴിയുമ്പോൾ കാലി​െൻറ വളവ് നിവരുമെന്നും വേദന കുറയുമെന്നും ഉറപ്പു നൽകുകയും ചെയ്​തിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോഴും കാലി​െൻറ വേദനയും വളവും മാറാത്ത കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ എല്ലാം ശരിയാകുമെന്നു പറഞ്ഞ്​ ഒഴിഞ്ഞു മാറുകയായിരുന്നു.

ഡോക്ടറുടെ ചികിത്സയിൽ സംശയം തോന്നിയ സാനു തിരുവനന്തപുരം എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സതേടുകയും കാലിന് ഓപ്പറേഷൻ ചെയ്യുകയും ചെയ്തു. ഇതിന് 1,44,000 രൂപയോളം ആശുപത്രി ചികിത്സയ്ക്കു ചിലവായിരുന്നു. മാസങ്ങളോളം നീണ്ട ചികിത്സിച്ചു കാരണം അദ്ദേഹത്തിനുണ്ടായിരുന്ന താത്കാലിക ജോലിയും നഷ്ടപ്പെട്ടിരുന്നു.

അടൂർ മറിയ ആശുപത്രിയിൽ വെച്ച്​ ശരിയായ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ കാലിന് ഓപ്പറേഷൻ ചെയ്യേണ്ടിവരില്ലായിരുന്നുവെന്നാണ് സാനു പറയുന്നത്. ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടേയും ചികിത്സാപിഴവുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം കോടതിയിൽ മൊഴി നൽകുകയുണ്ടായി. വാദങ്ങളും തെളിവു രേഖകളും പരിശോധിച്ച കമ്മീഷൻ സാനുവി​െൻറ പരാതി ശരിയാണെന്നു കാണുകയും എതിർകക്ഷികൾ നഷ്ടപരിഹാരം കൊടുക്കാൻ വിധി പ്രസ്താവിക്കുകയും ചെയ്യുകയായിരുന്നു. ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻറ്​ ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

Tags:    
News Summary - Medical Error Adoor Maria Hospital authorities ordered to pay compensation to the patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.