രാ​ജ​നും മോ​ഹ​ന​നും സ​ന്തോ​ഷം പ​ങ്ക് വെ​ക്കു​ന്നു

കളഞ്ഞുപോയ ബാഗ്​ തിരികെ കിട്ടി; മോഹനന് അടിച്ചത് ഇരട്ട ലോട്ടറി

റാന്നി: കളഞ്ഞു കിട്ടിയ പണവും, ലോട്ടറി ടിക്കറ്റുകളും രേഖകളുമടങ്ങിയ ബാഗ് ഉടമയായ ലോട്ടറി വിൽപനക്കാരനെ തിരഞ്ഞു കണ്ടെത്തി തിരികെ നൽകി വയോധികൻ മാതൃക കാട്ടി. തിരികെ നൽകിയ ടിക്കറ്റ് വിറ്റുപോയെങ്കിലും അതിൽ 25,000 രൂപ സമ്മാനം അടിച്ചു. ഇരട്ട ലോട്ടറി അടിച്ച സന്തോഷത്തിലാണ് ലോട്ടറി വിൽപനക്കാരൻ മോഹനൻ.

ചെല്ലക്കാട് പാലയ്ക്കൽ വീട്ടിൽ രാജനാണ്(64) തന്‍റെ ഇരുചക്ര വാഹനത്തിൽനിന്നും ബാഗ്, പണം, ലോട്ടറി ടിക്കറ്റുകൾ, ആധാർ, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെ രേഖകൾ കിട്ടിയത്. ബാഗിന്റ ഉടമസ്ഥനായ റാന്നി ടൗണിൽ ലോട്ടറി വിൽപന നടത്തുന്ന മോഹനനെ കണ്ടെത്തി ഉടൻ തന്നെ തിരികെ നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ രാജൻ ചെല്ലക്കാട് വീട്ടിൽനിന്നും അങ്ങാടി ശാലീശ്വരം ക്ഷേത്രത്തിലേക്ക് പോകവെ ചെത്തോംങ്കരയിൽ അപരിചിതനായ മോഹനൻ സ്കൂട്ടറിന് കൈ കാണിക്കുകയും ഇട്ടിയപ്പാറ വരെ എത്തിക്കുകയുമായിരുന്നു.

ക്ഷേത്രത്തിലെത്തി പ്രാർഥനക്ക് ശേഷമാണ് സ്കൂട്ടറിന്‍റെ പിൻസീറ്റിന്‍റെ വശത്തായി ഒരു ബാഗ് കണ്ടെത്തിയത്. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും ബാഗ് പരിശോധിച്ചപ്പോഴാണ് പണവും, ലോട്ടറി ടിക്കറ്റും രേഖകളും കണ്ടെത്തിയത്. താൻ ലിഫ്റ്റ് നൽകിയ ഒരു പരിചയവും ഇല്ലാത്ത ആളിനെ എങ്ങനെ കണ്ടെത്തുമെന്നതായിരുന്നു തുടർന്നുള്ള പ്രശ്നം. തന്‍റെ വാർഡിലെ മുൻ മെംബർ അനു ടി. ശാമുവേലിനെ വിളിച്ചു വിവരമറിയിച്ചു.

അനു ഇടപെട്ട് ഉടൻ ലോട്ടറി വിൽപനക്കാരനെ കണ്ടെത്തി അര മണിക്കൂറിനകം ബാഗ് കൈമാറുകയായിരുന്നു. ഇട്ടിയപ്പാറ ടൗൺ മുതൽ അങ്ങാടി പേട്ട ജങ്ഷൻ വരെ യാത്ര ചെയ്തിട്ടും സ്കൂട്ടറിന്റ പിന്നിൽനിന്നും ബാഗ് തെറിച്ചു പോകാതിരുന്നത് ലോട്ടറി വിൽപനക്കാരന്റ ഭാഗ്യമെന്നാണ് രാജൻ പറയുന്നത്. തിരികെ കിട്ടിയ

ലോട്ടറി ടിക്കറ്റ് വിൽപന നടത്തിയതിൽ അന്നേ ദിവസം 25,000 രൂപ അടിക്കുകയായിരുന്നു. 5000 രൂപ വീതം അഞ്ച് ടിക്കറ്റുകൾക്കാണ് തുക അടിച്ചത്. ടിക്കറ്റുകൾ അഞ്ചും വിറ്റുപോയിരുന്നു. എന്നിരുന്നാലും ഇത്രയും തുക തന്‍റെ കൈയിൽനിന്ന് ടിക്കറ്റെടുത്തവർക്ക് ലഭിക്കുമെന്നതും അതിന്‍റെ കമീഷൻ തുക തനിക്ക് ലഭിക്കുമെന്നതും തന്‍റെ ഭാഗ്യമാണെന്ന് മോഹനൻ പറഞ്ഞു.

Tags:    
News Summary - Lost bag recovered; Mohanan won a double lottery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.