കനത്ത മഴ; കുറുമ്പൻമൂഴി ഒറ്റപ്പെട്ടു

റാന്നി: പമ്പയിൽ ജലനിരപ്പുയർന്ന് കോസ്വേ മുങ്ങി ദിവസങ്ങളോളം ഒറ്റപ്പെട്ടുപോയ കുറുമ്പൻ മൂഴി നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ. ആദിവാസി മേഖലകൂടിയായ പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തിൽ ഇവിടേക്ക് അരി ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചിട്ടുണ്ട്. സ്കൂളിൽപോകാൻ കഴിയാത്ത കുട്ടികൾക്ക് പഠനമുറികളും ഒരുക്കിയിട്ടുണ്ട്.

പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിലെ വെള്ളം ഷട്ടർ ഉയർത്തി ഒഴുക്കിവിട്ട് ജലനിരപ്പ് താഴ്ത്തി കോസ്വേയിലെ വെള്ളം ഒഴിവാക്കുന്നതിന് വൈദ്യുതി വകുപ്പിനോട് നിർദേശം നൽകിയിട്ടുണ്ട്. ഇവിടേക്ക് എത്താനുള്ള മാർഗം വനത്തിലൂടെയുള്ള പെരുന്തേനരുവി ചണ്ണ റോഡാണ്.

സഞ്ചാരയോഗ്യമല്ലാത്ത ഈ റോഡ് ഗതാഗതയോഗ്യമാക്കിയാൽ പ്രദേശത്തെ കുട്ടികൾക്ക് സ്കൂളിൽ എത്താനാകും. കോളനിയിൽ അവശ്യസാധനങ്ങൾ ഉറപ്പാക്കാൻ ജില്ല സപ്ലൈ ഓഫിസർക്ക് നിർദേശംനൽകി. പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽനിന്ന് ഇവിടേക്ക് അടിയന്തര വൈദ്യസഹായവും അവശ്യമരുന്നുകളും എത്തിക്കും.

കോസ്വേക്ക് പകരം പുതിയപാലം നിർമിക്കുക മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള ഏകവഴി. പുതിയ പാലങ്ങൾ നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. കുറുമ്പൻ മൂഴി പാലത്തിന് 18കോടിയും അറയാഞ്ഞലിമൺ പാലത്തിന് 12 കോടി രൂപയുമാണ് വേണ്ടത്. എത്രയും വേഗം പാലം നിർമാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണന് എം.എൽ.എ നിവേദനം നൽകിയിട്ടുണ്ട്. കുറുമ്പൻ മൂഴി സന്ദർശിക്കുമെന്നും ദുരവസ്ഥക്ക് പോംവഴി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചതായി എം.എൽ.എ വ്യക്തമാക്കി.

Tags:    
News Summary - heavy rain; Kurumbanmoozhi is isolated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.