മരണവിവരം അറിഞ്ഞ് മുക്കാലുമൺ ചക്കതറയിൽ വീട്ടിൽ തടിച്ചുകൂടിയവർ
റാന്നി: പ്രവാസികളായ വയോദമ്പതികളുടെ ദുരൂഹമരണത്തിൽ മുക്കാലുമൺ ഗ്രാമം ഞെട്ടി. പഴവങ്ങാടി മുക്കാലുമൺ ചക്കതറയിൽ വീട്ടിൽ സ്കറിയ മാത്യു (ബാബു -75), ഭാര്യ അന്നമ്മ (70) എന്നിവരെ വ്യാഴാഴ്ച ഒരു മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും മരണത്തിൽ ദുരൂഹത നിലനിൽക്കുന്നു. കുടുംബത്തിന് സാമ്പത്തിക പ്രയാസമില്ല. ഇട്ടിയപ്പാറ ടൗണിൽ നിരവധി കടകൾ വാടകക്ക് കൊടുത്തിട്ടുണ്ട്. ഏകമകൻ ദീപു സ്കറിയക്ക് എറണാകുളത്താണ് ജോലി. അന്നമ്മ ദീർഘകാലം അബൂദബിയിൽ നഴ്സായിരുന്നു. ഭർത്താവ് സ്കറിയയും യു.എ.ഇയിൽ ജോലിയായിരുന്നു.
മുക്കാലുമൺ എസ്.എൻ.ഡി.പി സ്കൂളിനു സമീപമാണ് താമസിച്ചിരുന്നത്. മകൻ ജോലിക്കു പോകുമ്പോൾ ഇരുവരും ഒറ്റക്കായിരുന്നു താമസം. തിങ്കളാഴ്ചയാണ് മകൻ എറണാകുളത്തേക്ക് പോയത്. രണ്ട് ദിവസമായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും വാർഡ് മെംബർ അനീഷും ചേർന്ന് കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. സ്കറിയ കട്ടിലിൽ മരിച്ചുകിടക്കുന്നതായും അന്നമ്മ തിണ്ണയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. അന്നമ്മ ചൊവ്വാഴ്ച വൈകിട്ട് 5.19 വരെ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽനിന്ന് ഫോറൻസിക് വിദഗ്ധരും മറ്റും വീട്ടിലെത്തി പരിശോധന നടത്തി. റാന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.