പൊലീസ് പിടിയിലായ വിശാഖ്, അജു, ബിജു

വധശ്രമമടക്കം നിരവധി കേസിലെ പ്രതിയും കൂട്ടാളികളും പിടിയിൽ

റാന്നി (പത്തനംതിട്ട): രണ്ട്​ വധശ്രമ കേസടക്കം നിരവധി ക്രിമിനല്‍ കേസിൽ പെട്ടയാളെയും സുഹൃത്തുക്കളെയും റാന്നി പൊലീസ് പിടികൂടി. റാന്നി പഴവങ്ങാടി മുക്കാലുമണ്‍ തുണ്ടിയില്‍ വിശാഖ് (27) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം മുക്കാലുമണ്‍ സ്വദേശികളായ അജു എം. രാജന്‍, ആറ്റുകുഴിതടത്തില്‍ അരുണ്‍ ബിജു എന്നിവരും പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, നിരപരാധികളായ നാട്ടുകാരെ വഴി തടഞ്ഞുനിർത്തി ആക്രമിക്കല്‍, മയക്കമരുന്നു കടത്തല്‍ തുടങ്ങിയ കേസിലും ഉൾപെട്ടിട്ടുണ്ട് വിശാഖ്.

തമിഴ്നാട്ടിലെ എരുമപെട്ടിയില്‍ ഒളിവില്‍ കഴിയവെ പത്തനംതിട്ട ജില്ല പൊലീസ് ചീഫിന്‍റെ നിർദേശപ്രകാരം തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് സംഘത്തിന്‍റെ സഹായത്താലാണ് അറസ്റ്റ്. മുക്കാലുമണ്‍ സ്വദേശി രാജേഷിനെ ഇക്കഴിഞ്ഞ മാസം തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു ഇയാള്‍. വിശാഖ് അന്യസംസ്ഥാനങ്ങളിലെ പ്രഫഷനൽ കോളജുകളിൽ കുട്ടികളെ എത്തിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു.

ഇയാള്‍ അഡ്മിഷൻ നടത്തിക്കൊടുക്കുന്ന ഭൂരിഭാഗം ആൾക്കാരും കോഴ്സ് പൂർത്തിയാക്കാൻ സാധിക്കാതെ തിരികെ വന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വൻതുക കമീഷൻ വാങ്ങിയും മോഹന വാഗ്ദാനങ്ങൾ നൽകിയുമാണ് കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്. പിന്നീട് പറയുന്ന സൗകര്യങ്ങൾ ഇല്ലാത്തതു മൂലം കുട്ടികൾ പഠനം പൂർത്തിയാക്കാതെ മടങ്ങി പോവുകയാണ്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ധാരാളം പരാതികൾ ഇയാള്‍ക്കെതിരെ റാന്നി പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്യസംസ്ഥാനത്ത് പരാതി പറയുന്ന ആൾക്കാരെ ഇയാള്‍ ക്രൂരമർദനത്തിന് ഇരയാക്കുകയും ചെയ്യാറുണ്ടത്രേ. ഇയാള്‍ അഡ്മിഷന്‍ എടുത്തുനല്‍കുന്ന കുട്ടികള്‍ക്ക് യഥേഷ്ടം മദ്യവും മയക്കുമരുന്നുകളും എത്തിക്കാറുണ്ടെന്നും പറയപ്പെടുന്നു.

ഇത്തരം ബന്ധത്തില്‍ വീഴുകയും കോഴ്സ് പൂർത്തിയാക്കാതെയും പോകുന്ന കുട്ടികൾ പിന്നീട് വിശാഖിന്‍റെ സംഘത്തിൽ എത്തുകയാണ് പതിവ്. അന്യസംസ്ഥാന പ്രഫഷനൽ കോളജ് മാനേജ്​മെന്‍റിന്‍റെ സഹായത്താൽ ബംഗളൂരു, സേലം, കോയമ്പത്തൂർ, നാമക്കൽ എന്നീ സ്ഥലങ്ങളിലാണ് സംഘം ഒളിവിൽ കഴിഞ്ഞുവന്നത്. വിശാഖ് ഉപയോഗിക്കുന്ന വാഹനം രൂപം മാറ്റി ഉപയോഗിച്ചതിന് ആര്‍.ടി.ഒക്ക്​ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

റാന്നി ഡിവൈ.എസ്.പി മാത്യു ജോർജ്​, ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷ്, എസ്.ഐ അനീഷ്, സി.പി.ഒമാരായ ലിജു, ബിജു മാത്യു, വിനീത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Defendant and his accomplices arrested in several cases including attempted murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.