വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിൽ ക്ലാസ് മുറി കെട്ടുവള്ളത്തിന്റെ മാതൃകയിൽ രൂപകൽപന ചെയ്തിരിക്കുന്നു

കെട്ടുവള്ള മാതൃകയിൽ ക്ലാസ് മുറിയൊരുക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സ്കൂൾ

റാന്നി: കെട്ടുവള്ള മാതൃകയിൽ ക്ലാസ് മുറിയൊരുക്കി വെച്ചൂച്ചിറയിലെ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ. പുതിയ അധ്യയനവർഷത്തിൽ കടന്നുവരുന്ന കുട്ടികൾക്ക് ഇത് നവ്യാനുഭവമാകും. ഒരു കെട്ടിടമാകെ കായലിന്റെ രൂപത്തിൽ ചിത്രം ആലേഖനം ചെയ്തു അതിനുള്ളിലാണ് കെട്ടുവള്ളം. കായൽത്തീരത്ത് നിരനിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും സ്വാഭാവികത ഒട്ടും ചോരാതെയാണ് സജ്ജീകരണം. മറ്റൊരു കെട്ടിടത്തിൽ വനത്തിലൂടെയുള്ള യാത്രയാണ് ഒരുക്കിയിട്ടുള്ളത്.

കാനനപാതയിലൂടെ പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ള ആകർഷണം. വിദ്യാലയത്തിന്റെ ഒരു കെട്ടിടം കഴിഞ്ഞ വർഷം അക്വേറിയമായി രൂപപ്പെടുത്തിയിരുന്നു. അധ്യാപകനായ എം.ജെ. ബിബിനാണ് ചിത്രങ്ങൾ വരച്ചത്. സഹഅധ്യാപകനായ ഹരികൃഷ്ണനും സഹായത്തിനുണ്ടായി. അജീഷ് പാമ്പാടി, അജു, എം.ജെ. ലിബിൻ, സന്തോഷ്‌, അജു അരയാൻപാറ, എസ്. പോൾ രാജ്, ലിബി എന്നിവരാണ് കെട്ടുവള്ളം ഒരുക്കാൻ പിന്നിൽ പ്രവർത്തിച്ചത്. കോവിഡാനാന്തരം വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കാനാണ് ഇത്തരത്തിൽ രൂപകൽപന ചെയ്തതെന്ന് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു.

സ്കൂൾ ലോക്കൽ മാനേജർ സോജി വർഗീസ് ജോൺ, പി.ടി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി.ടി.എ പ്രസിഡന്റ്‌ ഷൈനി ബോസ് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്‌മെന്റും പി.ടി.എയും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.


News Summary - classroom in houseboat model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.