പന്തളം: മുളക്, പയർ, പരിപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ധനത്തിന് ഏപ്രിൽ ഒന്ന് മുതൽ ലിറ്ററിന് രണ്ട് രൂപ സെസ് നിലവിൽ വന്നതിന് പിന്നാലെയാണ് വിലക്കയറ്റം. മംഗലപുരം കശ്മീരി മുളകിന് 200 രൂപ വരെ കിലോക്ക് വർധിച്ചു. മൊത്തവിപണിയിൽ ഒരുകിലോ കശ്മീരി മുളകിന് 740 രൂപയാണ് ഇപ്പോൾ വില. അടുത്തിടെ വരെ 540- 600 രൂപയായിരുന്നു ഇത്. ഗുണ്ടൂർ (പാണ്ടി) വറ്റൽ മുളകിന് കിലോക്ക് 15 രൂപയാണ് വർധിച്ചത്. മൊത്തവിപണിയിൽ 260 രൂപയായി. ഗുണ്ടൂർ പിരിയൻ മുളകിന് 360 രൂപയായി. പത്ത് രൂപയാണു വർധിച്ചത്.
പയറിന് കിലോക്ക് 10 രൂപ കൂടി. 105 മുതൽ 120 രൂപയാണു മൊത്തവില. ഉഴുന്നിന് മൊത്തവിപണിയിൽ മൂന്ന് രൂപ ഉയർന്നു. ഗുണ്ടൂർ മുളകിന് വില വർധിച്ചെന്ന് മാത്രമല്ല; മുളകിന്റെ നിറത്തിലും വ്യത്യാസമുണ്ടായി. കടുത്ത വേനൽ കാരണം മുളകിന് വെള്ളനിറം വന്നു. അതേസമയം മല്ലി, ബസുമതി അരി എന്നിവക്ക് പത്ത് രൂപ കുറഞ്ഞു.
പാം ഓയിൽ, വെളിച്ചെണ്ണ എന്നിവക്കും നേരിയ വിലക്കുറവുണ്ടായി. 60 രൂപ പിന്നിട്ട ജയ അരിവില മാറ്റമില്ലാതെ നിൽക്കുകയാണെങ്കിലും ഇന്ധനസെസ് മൂലം വീണ്ടും വില ഉയരുമെന്നാണു വ്യാപാരികൾ പറയുന്നത്. ഇന്ധനത്തിനു സെസ് ഏർപ്പെടുത്തിയതും പാചകവാതക വില വർധനയും ഹോട്ടൽ ഭക്ഷണ വില വർധനക്കും ഇടയാക്കിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.