പൊന്തൻപുഴ പട്ടയ സമരത്തിന്റെ ആറാം വാർഷിക
സമ്മേളനം വി.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യുന്നു
ചുങ്കപ്പാറ: മണിമല വില്ലേജുകളിലെ 1180 കർഷക കുടുംബങ്ങളുടെ പട്ടയാവകാശത്തിന് 2018ൽ ആരംഭിച്ച പൊന്തൻപുഴ സമരം ഏഴാം വർഷത്തിലേക്ക് കടന്നു. ആലപ്ര-വലിയകാവ് വനങ്ങൾ സംരക്ഷിച്ച് അതിനു പുറത്ത് വസിക്കുന്ന കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. വനസംരക്ഷണത്തെയും ഭൂമിക്കായുള്ള ആവശ്യത്തെയും ബന്ധിപ്പിച്ച് നടക്കുന്ന കേരളത്തിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭമെന്നതാണ് പൊന്തൻപുഴ സമരത്തിന്റെ സവിശേഷത.
1907ലെ വന വിജ്ഞാപനം അനുസരിച്ച് ആലപ്ര റിസർവിന് പുറത്താണ് മണിമല വില്ലേജിലെ കർഷകരുടെ ഭൂമി. അതുപോലെ 1958ലെ വിജ്ഞാപനം അനുസരിച്ച് പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വലിയകാവ് വനത്തിന്റെ പുറത്താണ്. ഇതുവരെ നടന്ന റീസർവേകളിലും 2019ൽ സമരസമിതിയുടെ ആവശ്യം പരിഗണിച്ചു നടത്തിയ റവന്യൂ-വനം വകുപ്പുകളുടെ പരിശോധനയിലും കർഷകരുടെ ഭൂമി വനപരിധിക്കു പുറത്താണെന്ന് തെളിഞ്ഞിരുന്നു. എന്നിട്ടും ചില ഉന്നത ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം പട്ടയവിതരണം തടസ്സപ്പെട്ടു.
ഈ സാഹചര്യത്തിൽ ഡിജിറ്റൽ സർവേയിൽ പെരുമ്പെട്ടി, മണിമല വില്ലേജുകൾക്ക് മുൻഗണന നൽകി പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് റവന്യൂ വകുപ്പ് ശ്രമിച്ചുവരുന്നത്. കേന്ദ്രാനുമതിയോടെ കൈയേറ്റഭൂമി പതിച്ചു നൽകാനെന്നവിധം പട്ടയം നൽകാമെന്ന വനം വകുപ്പിന്റെ വാഗ്ദാനം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. 1964ലെ കേരള ഭൂപതിവ് നിയമം അനുസരിച്ചുള്ള റവന്യൂ പട്ടയമാണ് കർഷകരുടെ അവകാശം സമരസമിതി ചൂണ്ടിക്കാണിക്കുന്നു.
ആറാമത് വാർഷിക സമ്മേളനം പെരുമ്പെട്ടിയിലുള്ള സമരപ്പന്തലിൽ തീർത്ത ദാനിയേൽ തൈയീട്ടിക്കൽ സ്മൃതി മണ്ഡപത്തിൽ ജനകീയ പ്രവർത്തകൻ വി.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു. ജയിംസ് കണ്ണിമല ഡിജിറ്റൽ സർവേ സംബന്ധിച്ച വിശദീകരണം നൽകി. സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി പ്രവർത്തകരെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.