പന്തളം: പുതിയ സ്വാമി അയ്യപ്പൻ ബസ് സ്റ്റാൻഡ് റോഡിനായി വഴിയരിയിലെ കടകൾ നഗരസഭ ഒഴിപ്പിച്ചതിനെ തുടർന്ന് സംഘർഷം. നഗരസഭാ ഓഫിസിനു സമീപത്തെ വഴിയോരക്കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. ഇതോടെ കച്ചവടക്കാരും നഗരസഭ ഭരണസമിതി അംഗങ്ങളും തമ്മിൽ തർക്കമായി. നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡിൽനിന്നു പുറത്തേക്കുള്ള റോഡ് നിർമാണത്തിനായാണ് കച്ചവടക്കാരെ ഒഴിപ്പിച്ചതെന്ന് അധികൃതർ പറയുന്നു.
വ്യാഴാഴ്ച രാവിലെ എട്ടിനാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽപന നടത്തിവന്ന മൂന്നു കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. പൊലീസിന്റെ സഹായത്തോടെ എത്തിയ നഗരസഭ അധികൃതർ ഷെഡ് പൊളിച്ചു. വിവരമറിഞ്ഞെത്തിയ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കരയുടെ നേതൃത്വത്തിൽ വ്യാപാരികൾ എതിർത്തതോടെ തർക്കവും ബഹളവുമായി. പിന്നീട് പൊലീസ് സഹായത്തോടെ കച്ചവടം ഒഴിപ്പിച്ചു. മൂന്നു വ്യാപാരികൾക്കും ചന്തയിൽ സ്ഥലം നൽകാനും തീരുമാനമായി.
ഓണത്തിനു മുമ്പ് തന്നെ ഒഴിയണമെന്ന് അറിയിച്ചിരുന്നുവെന്ന് നഗരസഭ അധികാരികൾ പറഞ്ഞു. ഓണം കഴിയുന്നതു വരെ സമയവും നൽകി. ബുധനാഴ്ചയും ഉദ്യോഗസ്ഥർ ഒഴിയണമെന്നാവശ്യപ്പെടുകയും നടപടിയുണ്ടാകുമെന്നും അറിയിക്കുകയും ചെയ്തു. തുടർന്നാണ് നടപടിയെടുത്തതെന്ന് നഗരസഭ ഉപാധ്യക്ഷ യു. രമ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.