റാന്നി/തിരുവല്ല: കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയിൽനിന്ന് വാളക്കുഴി, തീയാടിക്കൽ, വൃന്ദാവനം, കണ്ടംപേരൂർ വഴി റാന്നിയിലേക്കും മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് എഴുമറ്റൂർ, ചാലാപ്പള്ളി, കണ്ടംപേരൂർ വഴി റാന്നിയിക്കും ഉണ്ടായിരുന്ന രണ്ട് ബസുകൾ പുനരാരംഭിക്കാൻ അധികൃതർക്ക് താൽപര്യമില്ല. മെച്ചപ്പെട്ട വരുമാനത്തോടെ സർവിസ് നടത്തിയിരുന്ന ഷെഡ്യൂളുകൾ കോവിഡിനുശേഷം പുനരാരംഭിച്ചില്ല. എം.എൽ.എയും താലൂക്ക് വികസനസമിതിയും അടക്കം ആവശ്യപ്പെട്ടിട്ടും ഈ രണ്ട് ഷെഡ്യൂളുകൾ പുനരാരംഭിക്കില്ലെന്ന പിടിവാശിയിലാണ് ചില ഉദ്യോഗസ്ഥർ.
തിരുവല്ല ഡിപ്പോയിൽനിന്ന് പതിറ്റാണ്ടുകളായി സർവിസ് നടത്തിവന്ന ബസ് ഈ റൂട്ടിലൂടെയുള്ള ഏക കെ.എസ്.ആർ.ടി.സി ബസുമായിരുന്നു. വാളക്കുഴി, തീയാടിക്കൽ, വൃന്ദാവനം, കണ്ടംപേരൂർ റൂട്ടിൽ റാന്നിയിലേക്ക് പ്രതിദിനം മൂന്ന് ട്രിപ്പുകളാണുണ്ടായിരുന്നത്. രാത്രി 9.30ന് ഇതേ ബസ് വാളക്കുഴി വഴി എഴുമറ്റൂരിലെത്തി സ്റ്റേ ചെയ്യുകയും പുലർച്ച അഞ്ചിന് അവിടെനിന്ന് തിരുവല്ലക്ക് പുറപ്പെടുകയും ചെയ്തിരുന്നു. രാവിലെ തിരുവല്ലയിലെത്തേണ്ട ദീർഘദൂര യാത്രക്കാർക്കടക്കം ഏറെ പ്രയോജനപ്പെട്ടിരുന്ന ട്രിപ്പായിരുന്നു ഇത്. പിന്നീടുള്ള ട്രിപ്പുകളാണ് റാന്നിയിലേക്കുണ്ടായിരുന്നത്. ചുഴന-തീയാടിക്കൽ റോഡിലൂടെ ഉണ്ടായിരുന്ന ഏക ബസുമായിരുന്നു ഇത്. എട്ടിന് റാന്നിയിൽനിന്ന് തിരുവല്ലയിലേക്കുണ്ടായിരുന്ന ട്രിപ്പ് ഈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർക്കും ആശ്രയമായിരുന്നു. കണ്ടംപേരൂർ, വൃന്ദാവനം, തീയാടിക്കൽ റൂട്ടിൽ തിരുവല്ലയിലേക്കുണ്ടായിരുന്ന സ്വകാര്യ ബസും നിർത്തിയതോടെ രാവിലെ ഏറെ യാത്രക്ലേശമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. ഓഫിസ്, സ്കൂൾ, കോളജ് സമയത്തിന് അനുസൃതമായി തിരുവല്ല-റാന്നി കെ.എസ്.ആർ.ടി.സി ബസിന്റെ ഷെഡ്യൂൾ ക്രമീകരിച്ചതിനാൽ മെച്ചപ്പെട്ട വരുമാനം ലഭിച്ചിരുന്നുവെങ്കിലും ബസ് സർവിസ് പുനരാരംഭിക്കാൻ അധികൃതർ താൽപര്യം കാട്ടുന്നില്ല.
മല്ലപ്പള്ളിയിൽനിന്ന് റാന്നിയിലേക്കുണ്ടായിരുന്ന ഏക കെ.എസ്.ആർ.ടി.സി ബസ് നിർത്തിയതിന് പിന്നിലും ഉദ്യോഗസ്ഥതല താൽപര്യമാണ്. രാവിലെയും വൈകീട്ടും രണ്ട് ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. എഴുമറ്റൂർ, ചാലാപ്പള്ളി, കണ്ടംപേരൂർ, കരിയംപ്ലാവ് വഴിയാണ് ബസ് റാന്നിയിലേക്കെത്തിയിരുന്നത്. ലാഭകരമായി സർവിസ് നടത്താവുന്ന റൂട്ടാണെങ്കിലും മല്ലപ്പള്ളി-റാന്നി റൂട്ടിനെ കെ.എസ്.ആർ.ടി.സി അവഗണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.