മല്ലപ്പള്ളി: മണിമലയാറ്റിൽ മുങ്ങിമരണങ്ങളും മറ്റ് അത്യാഹിതങ്ങളും തുടർക്കഥയായിട്ടും അഗ്നിരക്ഷാസേനയുടെ യൂനിറ്റ് മല്ലപ്പള്ളിയിൽ വേണമെന്ന ആവശ്യം അധികൃതരും ജനപ്രതിനിധികളും അവഗണിക്കുന്നു.
കഴിഞ്ഞ ദിവസം മണിമലയാറ്റിലെ വലിയ പാലത്തിനു സമീപത്തെ പൂവനക്കടവിൽ കെ. ഫോണിന്റെ കേബിൾ ജോലിക്കെത്തിയ വയനാട് സ്വദേശി യുവാവ് മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. താലൂക്ക് രൂപീകൃതമായിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും അഗ്നി രക്ഷാസേന യൂനിറ്റെന്ന സ്വപ്നം ഇനിയും നടപ്പായിട്ടില്ല.
മലയോര മേഖലയായ താലൂക്കിൽ വിവിധ പ്രദേശങ്ങളിൽ തീ പിടിത്തമോ മുങ്ങിമരണങ്ങളോ ഉണ്ടായാൽ റാന്നി, തിരുവല്ല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി അഗ്നിരക്ഷാസേന എത്തണം. ഇവിടെ നിന്നും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും രക്ഷിക്കാവുന്ന മനുഷ്യജീവനുകൾപോലും പൊലിയും. വൻനാശങ്ങളും സംഭവിച്ചിരിക്കും.
സാക്ഷരതയുടെ കാര്യത്തിലും ജില്ലയിൽ ഒന്നാമതായ താലൂക്ക്, വികസനത്തിൽ പിന്നോട്ട് തള്ളപ്പെടുകയാണ്. നിയോജക മണ്ഡലം ഇല്ലാതായതോടെ താലൂക്ക് വിഭജിക്കപ്പെട്ടു. തിരുവല്ല, റാന്നി മണ്ഡലങ്ങളുടെ ഭാഗമായതോടെ വികസനം ഇല്ലാതെയായി. ജനപ്രതിനിധികൾ താലൂക്കിനെ അവഗണിക്കുന്നതായും ആക്ഷേപം നിലനിൽക്കുന്നു.
കോട്ടാങ്ങൽ പഞ്ചായത്തിലും മല്ലപ്പള്ളിയിലും ആവശ്യമായ സ്ഥലം ഉണ്ടെങ്കിലും പല കാരണങ്ങൾ നിരത്തി ഉപേക്ഷിക്കുകയാണ്. താലൂക്കാസ്ഥാനത്ത് സർക്കിൾ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം വർഷങ്ങളായി കാട് കയറി ഒഴിഞ്ഞ് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.