പത്തനംതിട്ട കാർഷിക വികസന സഹകരണ ബാങ്ക് വോട്ടെടുപ്പിനിടെ ശനിയാഴ്ച
മർത്തോമ സ്കൂൾ പരിസരത്ത് നടന്ന സംഘർഷം
പത്തനംതിട്ട: 30 വര്‍ഷം നീണ്ട യു.ഡി.എഫിന്റെ കുത്തക അവസാനിപ്പിച്ച് പത്തനംതിട്ട കാര്‍ഷിക വികസന സഹകരണ ബാങ്കിന്റെ ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. ശനിയാഴ്ച മാര്‍ത്തോമ സ്കൂളിൽ നടന്ന വോട്ടെടുപ്പിൽ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് പാനലിലെ എല്ലാവരും തെരഞ്ഞെടുക്കപ്പെട്ടത്. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. കഞ്ചാവും പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ട്രൈക്കിങ് ഫോഴ്സ് ഉൾപ്പെടെ വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായി. ഇരുപക്ഷവും കള്ളവോട്ട് ആരോപിച്ച് സംഘര്‍ഷമുണ്ടായപ്പോൾ നാലു റൗണ്ട് ലാത്തിച്ചാര്‍ജ് നടന്നു. മുൻ ആറന്മുള എം.എൽ.എ കെ.സി. രാജഗോപാൽ അടക്കമുള്ളവരെ പൊലീസ് മര്‍ദിച്ചു. വൻ പൊലീസ് സന്നാഹമുണ്ടായിരുന്നിട്ടും വ്യാപകമായി കള്ളവോട്ട് നടന്നു.
ജില്ലയെ പ്രവർത്തന പരിധിയായി നിശ്ചയിച്ച ബാങ്കിന്റെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ താമസക്കാർക്കാണ് വോട്ടവകാശം. എന്നാൽ, സമീപ ജില്ലകളിൽനിന്നുള്ളവർപോലും വോട്ട് ചെയ്യാൻ എത്തി. കഴിഞ്ഞ മാസാവസാനം നടന്ന പത്തനംതിട്ട സര്‍വിസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ വ്യാപക കള്ളവോട്ട് നടന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു.എസ്.എഫ്.ഐ ജില്ല സെക്രട്ടറി കെ.എസ്. അമൽ അഞ്ചുതവണ പോളിങ് ബൂത്തിൽ പ്രവേശിച്ച് വോട്ട് ചെയ്തതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനൊപ്പം തങ്ങളും കള്ളവോട്ട് ചെയ്തെന്ന് ഡി.സി.സി വൈസ് പ്രസിഡന്റിന്റെ പ്രസംഗവും വിവാദമായിരുന്നു. ഭരണസമിതിയിലെ ഒന്നൊഴികെ എല്ലാ സീറ്റിലും ആ തെരഞ്ഞെടുപ്പിൽ യു.ഡി.എഫാണ് വിജയിച്ചത്.
വിജയികൾ: കെ. അനിൽ, കെ. അനില്‍കുമാർ, അഡ്വ. പി.എൻ. അബ്ദുൾ മനാഫ്, എ. ഗോകുലേന്ദ്രൻ, എസ്. ബിജു, ലളിതാഭായി, വര്‍ഗീസ് ദാനിയേൽ, ബി. ഷാഹുൽ ഹമീദ് (ജനറൽ മണ്ഡലം), ആനി സ്ലീബ, പി.ഡി. രമ, സലിജ (വനിത മണ്ഡലം), ടി.കെ. പൊടിയൻ (എസ്.സി/എസ്.ടി മണ്ഡലം), പി.കെ. സലിംകുമാർ (നിക്ഷേപ മണ്ഡലം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.