ക്രൈം മാപ്പിങ് പദ്ധതിയുമായി കുടുംബശ്രീ

പത്തനംതിട്ട: ഏഴ് തരത്തിലെ കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ച് ക്രൈം മാപ്പിങ് പദ്ധതി നടത്താന്‍ കുടുംബശ്രീ ഒരുങ്ങുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സ്ത്രീപക്ഷ നവകേരളത്തിനായി കുടുംബശ്രീ നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. കുറ്റകൃത്യങ്ങള്‍ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യത കേന്ദ്രങ്ങളെ കണ്ടെത്താന്‍ പദ്ധതിയിലൂടെ കഴിയും.

തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളായ നെടുമ്പ്രം, കൊറ്റനാട്, പുറമറ്റം, നാരങ്ങാനം, സീതത്തോട്, തണ്ണിത്തോട്, പള്ളിക്കല്‍, തുമ്പമണ്‍ എന്നീ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ തുടക്കമാകുന്നത്. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം, വാചികം തുടങ്ങിയ ഏഴുതരം വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

കുറ്റകൃത്യ രീതിയില്‍ വിശകലനം ചെയ്യുന്നതിന് വിദഗ്ധര്‍ സ്വീകരിക്കുന്ന ക്രൈംമാപ്പിങ്ങില്‍ പങ്കാളിയാകുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. ആദ്യഘട്ടത്തില്‍ വിശദമായ സർവേ നടത്തുവാനായി പരിശീലകരുടെ തയാറെടുപ്പുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. തുടക്കത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങളുടെ രേഖപ്പെടുത്തല്‍ നടത്തുന്നത്. സ്ത്രീകളായിരിക്കും ആദ്യഘട്ടത്തില്‍ സർവേയില്‍ പങ്കെടുക്കുക. തുടര്‍ന്ന് വിവരങ്ങളെ ക്രോഡീകരിച്ച് തദ്ദേശ സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയും. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായവും നേടും. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനൊപ്പം ഗാര്‍ഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സ്ത്രീകള്‍ക്ക് പ്രത്യേക ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.

Tags:    
News Summary - Kudumbasree launches crime mapping project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.