കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസ് നടത്തുന്നില്ല; യാത്രക്ലേശം തുടരുന്നു
പത്തനംതിട്ട: ജില്ലയിലെ ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശത്തിന് അറുതിയാകുന്നില്ല. ബസ് സർവിസുകൾ കടന്നു ചെല്ലാത്ത നിരവധി പ്രദേശങ്ങളാണ് ഇപ്പോഴും മലയോര ജില്ലയിലുള്ളത്. മെച്ചപ്പെട്ട റോഡുകളുണ്ടായിട്ടും സർവിസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിയോ സ്വകാര്യ ബസുകളോ തയാറാകാത്തതാണ് പ്രശ്നം.
ഇത്തരം പ്രദേശങ്ങളിലുള്ളവർ വൻതുക ഓട്ടോകൾക്കും മറ്റും മുടക്കിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. സ്കൂൾ-കോളജ് വിദ്യാർഥികളുടെ യാത്രയാണ് ഏറെ ദുരിതം. കോവിഡ് കാലത്തിനു മുമ്പ് ബസ് സർവിസുകളുണ്ടായിരുന്ന പല സ്ഥലങ്ങളിലും പിന്നീട് ബസുകളെത്തിയിട്ടില്ല. കോവിഡിനു നിർത്തിവെച്ച പല സർവിസുകളും തുടങ്ങാൻ കെ.എസ്.ആർ.ടി.സിയും തയാറായില്ല. സ്വകാര്യ ബസുകൾ ലാഭം പ്രതീക്ഷിച്ചുള്ള റൂട്ടുകൾക്കാണ് താൽപര്യം കാട്ടുന്നത്. ഉൾപ്രദേശങ്ങളിലേക്കുള്ള റൂട്ടുകളിൽ എപ്പോഴും തിരക്കുണ്ടാകാറില്ല. ഇതാണ് സ്വകാര്യബസുകളെ മാറ്റിനിർത്താൻ കാരണം.
ഗ്രാമവണ്ടി പെരുനാട്ടിൽ മാത്രം
കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി ജില്ലയിൽ ആരംഭിച്ച ഏക ഗ്രാമപഞ്ചായത്ത് റാന്നി പെരുനാടാണ്. പത്തനംതിട്ട ഡിപ്പോയിൽനിന്നുള്ള ബസാണ് പെരുനാട്ടിൽ സർവിസ് നടത്തുന്നത്.
പെരുനാട്ടിലെ വിവിധ പ്രദേശങ്ങളെ ബന്ധപ്പെടുത്തി മെച്ചപ്പെട്ട നിലയിൽ ഒരുവർഷത്തിലേറെയായി സർവിസ് നടത്തുന്നുണ്ട്. ബസിന്റെ ഓരോ ദിവസത്തെയും ഇന്ധനച്ചെലവ് കെ.എസ്.ആർ.ടി.സിയാണ് വഹിക്കുന്നത്. 9638 രൂപയാണ് പെരുനാട്ടിലെ ബസിനു ശരാശരി വരുമാനമുള്ളതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
കഴിഞ്ഞയിടെ നിയമസഭയിൽ നൽകിയ കണക്കിൽ 30,79,546.02 രൂപ ബസിന് ആകെ വരുമാനം ലഭിച്ചതായും ഇതിൽ 16,44,369. 02 രൂപ ഡീസലിനു ചെലവായെന്നുമാണ് അറിയിച്ചത്. സംസ്ഥാനത്താകെ 23 ഗ്രാമവണ്ടി സർവിസുകൾ മാത്രമാണുള്ളത്.
പുതുതായി പത്ത് സ്വകാര്യബസ് പെർമിറ്റ്
കഴിഞ്ഞയിടെ കൂടിയ ആർ.ടി.എ ബോർഡ് യോഗം അനുമതി നൽകിയ പുതിയ പത്ത് ബസ് പെർമിറ്റുകളിൽ പകുതിയും ഉൾപ്രദേശങ്ങളെക്കൂടി ബന്ധിപ്പിച്ചുള്ളതാണെന്നത് ആശ്വാസമാണ്. 29 അപേക്ഷ പരിഗണനക്ക് വന്നതിൽ പത്തെണ്ണത്തിനാണ് അനുമതി നൽകിയത്. രണ്ടെണ്ണം മാത്രമേ തള്ളിയിട്ടുള്ളൂ. ബാക്കിയുള്ളവ അടുത്ത ആർ.ടി.എ ബോർഡിലേക്ക് മാറ്റിയിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
- മേലെ കോട്ടമൺ പാറ-പത്തനംതിട്ട (ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, വടശ്ശേരിക്കര, കുമ്പളത്താമൺ, പുതുക്കുളം, മലയാലപ്പുഴ വഴി).
- ചുങ്കപ്പാറ-പത്തനംതിട്ട (കോഴഞ്ചേരി, വാഴക്കുന്നം, കണമുക്ക്, കടമ്മനിട്ട വഴി).
- കറുകച്ചാൽ-തിരുവല്ല (മിഷൻതോപ്പ്, ഹനുമാൻകുന്ന്, മല്ലപ്പള്ളി, മടുക്കോലി, പായിപ്പാട്).
- മേക്കൊഴൂർ-പന്തളം (പേഴുംകാട്, മൈലപ്ര, പത്തനംതിട്ട, മുട്ടുകുടുക്ക, പ്രക്കാനം, ഇലവുംതിട്ട, രാമഞ്ചിറ).
- ഏഴംകുളം-നെടുമൺകാവ് (പുതുമല, കൊടുമൺ, ചാലാപ്പറമ്പ്, ഒറ്റത്തേക്ക്).
- മല്ലപ്പള്ളി-കോഴഞ്ചേരി (എഴുമറ്റൂർ, ഇരുമ്പുകുഴി, തടിയൂർ, ചരൽക്കുന്ന്).
- മല്ലപ്പള്ളി-പത്തനംതിട്ട (എഴുമറ്റൂർ, ചാലാപ്പള്ളി, വൃന്ദാനവനം, തീയാടിക്കൽ, പ്ലാങ്കമൺ, പേരൂർച്ചാൽ, കീക്കൊഴൂർ, പുതമൺ, വയലത്തല, മേക്കൊഴൂർ, മൈലപ്ര).
- അതുമ്പുകുളം-പത്തനംതിട്ട (പയ്യനാമൺ, കോന്നി, ആനകുത്തി, കുമ്മണ്ണൂർ വഴി എത്തി തിരികെ കോന്നി, പ്രമാടം വഴി കോന്നി).
- കോന്നി മെഡിക്കൽ കോളജ്-തലച്ചിറ (അട്ടച്ചാക്കൽ, കുമ്പഴ, പത്തനംതിട്ട, കടമ്മനിട്ട, മേക്കൊഴൂർ, മൈലപ്ര, കൈരളിപുരം, പത്തനംതിട്ട, കുമ്പഴ, മലയാലപ്പുഴ, തലച്ചിറ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.