ളാഹയിൽ ടാപ്പിങ് തൊഴിലാളികളെ കാട്ടാന ആക്രമിച്ചു; രണ്ടുപേർക്ക് പരിക്ക്
പത്തനംതിട്ട: ളാഹയിൽ റബർ ടാപ്പിങ്ങിനു പോയ രണ്ടു പേരെ കാട്ടാന ആക്രമിച്ചു. സീതത്തോട് ളാഹ ചെമ്മംകര മുസ്‌ലിം പള്ളിക്കു സമീപമാണ് സംഭവം. ചിറ്റാർ പാമ്പിനി സ്വദേശി ശ്യാം, പൊട്ടംമൂഴി സ്വദേശി സലാവുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു മാറ്റി.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ആന കൊമ്പിൽ കോരി എറിഞ്ഞ ശ്യാം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പുലർച്ച 5.30ഓടെ ളാഹ ചെമ്പകത്തറ ഭാഗത്ത് റബർ ടാപ്പിങ്ങിനായി സലാവുദ്ദീനുമൊത്ത് എത്തിയതാണ് ശ്യാം. ബൈക്കിൽനിന്ന് ഇറങ്ങിയപ്പോഴാണ് ഇരുവരും പിന്നിലൂടെ വന്ന കാട്ടാനയെ കണ്ടത്. ആന തൊട്ടടുത്തെത്തിയതിനാൽ ഓടാൻ കഴിഞ്ഞില്ലെന്ന് ശ്യാം പറഞ്ഞു. തോളിലുണ്ടായിരുന്ന ബാഗിൽ കൊമ്പ് കോർത്ത് ആന ശ്യാമിനെ ദൂരേക്കെറിഞ്ഞു. ആന കാലുകൊണ്ട് തട്ടിയതിനാൽ ശ്യാമിന്‍റെ കാലിനും പരിക്കേറ്റു. ശ്യാം ഭയന്ന് ഉറക്കെ നിലവിളിച്ചതോടെ സമീപത്തെ പള്ളിയിൽനിന്ന് ആളുകൾ ഓടിയെത്തി. തുടർന്ന് ആന പിന്മാറുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് സലാവുദ്ദീനും രക്ഷപ്പെട്ടത്. എട്ടു മാസത്തിലധികമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും നിരവധി വീടുകളും കൃഷിയും നശിപ്പിച്ചെന്നും നാട്ടുകാർ പറഞ്ഞു. പരാതി പറയാൻ ചെന്നാൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ തട്ടിക്കയറുകയാണെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.