representational image

ജീവനക്കാർ മുങ്ങി; കെ-സ്വിഫ്റ്റ് സര്‍വിസ് മുടങ്ങി, യാത്രക്കാർ ബസുകൾ തടഞ്ഞിട്ടു

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ഞായറാഴ്ച വൈകീട്ട് ആറിന് ബംഗളൂരുവിന് പുറപ്പെടേണ്ടിയിരുന്ന കെ-സ്വിഫ്റ്റ് സര്‍വിസ് മുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പോകാനെത്തിയവര്‍ മുഴുവന്‍ ബസുകളും ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടു.

പത്തനാപുരം സ്വദേശികളായ അനിലാല്‍, മാത്യു രാജന്‍ എന്നീ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതാണ് സര്‍വിസ് മുടങ്ങാന്‍ കാരണമായത്. ഇരുവരെയും വൈകീട്ട് മൂന്നിന് ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്റര്‍ ബന്ധപ്പെട്ടിരുന്നു.

തങ്ങള്‍ കൃത്യമായി ഡ്യൂട്ടിക്ക് വരുമെന്നാണ് ഇവര്‍ പറഞ്ഞത്. ഈ കാള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഫോണില്‍ റെക്കോഡഡ് ആണ്. അഞ്ചുമണിയായിട്ടും ഇവരെ കാണാതായതോടെ വീണ്ടും വിളിച്ചുനോക്കിയെങ്കിലും മൊബൈല്‍ഫോണുകള്‍ ഓഫായിരുന്നു. കൃത്യം ആറുമണിക്ക് മുമ്പ് തന്നെ ബുക്ക് ചെയ്ത യാത്രക്കാര്‍ ഡിപ്പോയില്‍ എത്തിയിരുന്നു. ബസ് എടുക്കുന്നില്ലെന്ന് വന്നതോടെയാണ് യാത്രക്കാർ പ്രതിഷേധം തുടങ്ങിയത്.ഡ്രൈവര്‍മാര്‍ മുങ്ങിയ വിവരം അറിഞ്ഞ് രാത്രി ഏഴുമണിയോടെ യാത്രക്കാര്‍ ഉപരോധം തുടങ്ങി. ബസ് സ്റ്റാന്‍ഡില്‍ എത്തിയ മുഴുവന്‍ ബസുകളും ഇവര്‍ തടഞ്ഞിട്ടു. ഇതോടെ ഡിപ്പോ അധികൃതര്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്. 38 ടിക്കറ്റുകളാണ് ഈ സര്‍വിസിന് മംഗലാപുരത്തേക്ക് ഉണ്ടായിരുന്നത്.

സ്വിഫ്റ്റ് ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സിയിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് വശമില്ല. ഇതിനായി പ്രത്യേകം ഡ്രൈവര്‍മാരെ പരിശീലനം നല്‍കി നിയമിച്ചിരിക്കുകയാണ്. അങ്ങനെ പരിശീലനം കിട്ടിയ ഡ്രൈവര്‍മാര്‍ നിലവില്‍ പത്തനംതിട്ട ജില്ലയില്‍ തന്നെയില്ല. പത്തനാപുരം സ്വദേശികളായ മറ്റ് ഡ്രൈവര്‍മാരെ കിട്ടാന്‍ ഡിപ്പോ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും രാത്രി എട്ടരവരെ ലഭ്യമായിട്ടില്ല.

Tags:    
News Summary - K-Swift service was canceled and passengers blocked the buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.