പത്തനംതിട്ട: 12 വർഷം രാപ്പകൽ ജോലി ചെയ്തിട്ടും ശമ്പളം നൽകാതെ തൊഴിലാളി കുടുംബത്തെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമമെന്ന് പരാതി. മർദിച്ച് അവശനാക്കിയിട്ടും വീടുവിട്ടു പോകാൻ തയാറാകാത്തതിനാൽ പട്ടാപ്പകൽ വീടിന് തീയിട്ട് വധിക്കാനും ശ്രമം നടന്നതായി കിടങ്ങന്നൂർ കക്കുളഞ്ഞി വീട്ടിലെ താമസക്കാരനായ തിരുവനന്തപുരം സ്വദേശി ഡി. രാജമണി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രവാസിയായ പുനലൂർ പുളിമൂട്ടിൽ ശമുവേലിന്റെ നടപടിക്കെതിരെ ആറന്മുള പോലീസിൽ പരാതി നൽകിയിട്ടും സി.ഐ. നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും രാജമണി പറയുന്നു. 2014ലാണ് ശമുവേലിന്റെ വൃദ്ധയായ പിതൃ സഹോദരിയെ പരിചരിക്കാൻ രാജമണിയും ഭാര്യയും കിടങ്ങന്നൂരിലെ കക്കുളഞ്ഞി വീട്ടിൽ എത്തിയത്. പ്രതിമാസം 13,500 രൂപയാണ് ശമ്പളം പറഞ്ഞത്. ആദ്യ മാസം ഈ തുക നൽകുകയും ചെയ്തു.
ആറന്മുളയിലും എഴിക്കാട്ടും അടക്കം ഏക്കർ കണക്കിന് ഭൂമിയുള്ള ശമുവേൽ തന്റെ റബർ മരങ്ങൾ ടാപ്പ് ചെയ്യാമോ എന്ന് രാജമണിയോട് ചോദിച്ചു. ഒരു മരത്തിന് രണ്ടു രൂപ പ്രകാരം 1200 മരം ടാപ്പ് ചെയ്യാമെന്ന് രാജമണി സമ്മതിച്ചെങ്കിലും ശമുവേൽ ഒരു രൂപ മാത്രമാണ് നൽകാൻ തയാറായത്. മാസാവസാനം മരം ഒന്നിന് ഒരു രൂപ ക്രമത്തിൽ ശമ്പളം നൽകി വന്നു. എന്നാൽ വൃദ്ധയായ ബന്ധുവിനെ നോക്കുന്നതിന് നിശ്ചയിച്ച തുക നൽകിയില്ല. ആ തുക സൂക്ഷിച്ച് വെക്കാമെന്നും പിരിയുമ്പോൾ മുഴുവൻ തുകയും ഒരുമിച്ചു നൽകാമെന്നുമായിരുന്നു വാഗ്ദാനം.
മകളെ വിവാഹം ചെയ്തു വിട്ട വകയിൽ വൻ തുക ബാധ്യത ഉണ്ടായ തനിക്ക് ഈ തുക ഒരു സഹായമാകുമെന്നും രാജമണി കരുതി. 2018ൽ വൃദ്ധയായ ബന്ധു മരിച്ചു. എന്നിട്ടും പ്രതിമാസം നൽകേണ്ട പണം രാജമണിക്ക് കൊടുക്കാൻ തയാറായില്ല. പകരം അട്, കോഴി എന്നിവയെ വാങ്ങി രാജമണിയെ നോക്കാൻ ഏൽപ്പിച്ചു. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം ശമുവേൽ ഈടാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം വീടൊഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് ശമുവേൽ രാജാമണിയെ സമീപിച്ചു. കിട്ടാനുള്ള പണം തന്നാൽ ആ നിമിഷം വീടുവിട്ടു പോകാമെന്ന് രാജമണി പറഞ്ഞു. എന്നാൽ, പണം നൽകാതെ ബലാൽക്കാരമായി വീട്ടിൽനിന്ന് ഇറക്കിവിടാനായിരുന്നു ശമുവേലിന്റെ ശ്രമം. എന്നാൽ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തുടർന്ന് വിവിധ ട്രേഡ് യൂനിയനുകൾക്ക് രാജമണി പരാതി നൽകി. ഇതോടെ ശമുവേൽ പത്തനംതിട്ട മുൻസിഫ് കോടതിയെ സമീപിച്ചു. കോടതിയിൽ അവസ്ഥ ബോധിപ്പിച്ചതോടെ രാജമണിയെ ഇറക്കിവിടരുതെന്ന് കോടതി ഉത്തരവിറക്കി.
എഴിക്കാട് കോളനിയിലുള്ള ഭൂമിയിൽ ടാപ് ചെയ്തുകൊണ്ടിരിക്കെ ഗുണ്ടകൾ എത്തി രാജമണിയെ മർദിച്ച് അവശനാക്കി. രാജ മണി തന്നെ മർദിച്ചെന്നു ശമുവേൽ പൊലീസിൽ പരാതി സമർപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജമണി പൊലീസിനോട് യഥാർഥ്യം ബോധ്യപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങി. കഴിഞ്ഞ 12 ന് തിരുവാഭരണ ഘോഷയാത്ര കാണാനായി രാജമണിയും ഭാര്യയും പുറത്തു പോയ സമയം സ്ഥലത്തെത്തിയ ചിലർ രാജമണി താമസിച്ചിരുന്ന 130 വർഷം പഴക്കമുള്ള കക്കുളഞ്ഞി വീടിന് തീയിട്ടു. സാധാരണ ഈ സമയം വീട്ടിൽ കിടന്ന് ഉറങ്ങാറുള്ള തന്നെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീടിന് തീയിട്ടതെന്ന് രാജമണി പറയുന്നു. 16 ലക്ഷത്തിലധികം രൂപ ശമുവേൽ തനിക്ക് നൽകാനുണ്ടെന്ന് രാജമണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.