റാന്നി: എസ്.ബി.ഐ മേപ്രാൽ ബാങ്ക് മാനേജരും മാന്നാര്‍ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മാനേജരും ചേർന്ന് 19,40,000 രൂപ നഷ്ടപരിഹാരം നല്കാന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമീഷൻ വിധി. മേപ്രാൽ പഞ്ചായത്തിൽ മാനൻകേരിൽ വീട്ടിൽ ജസ്വിൻ തോമസ് എതിർകക്ഷികൾക്കെതിരെ ഫയൽ ചെയ്ത ഹരജിയിലാണ് വിധി.
എസ്.ബി.ഐ, തിരുവല്ല മേപ്രാൽ ബ്രാഞ്ചിൽ നിന്ന് ജസ്വിന് 25 ലക്ഷം രൂപയൂടെ ഹൗസിങ് ലോൺ എടുത്ത് വീട് വെച്ചിരുന്നു. ബാങ്ക് നിർബന്ധമായി വീട് ഇൻഷ്വർ ചെയ്തിരുന്നതുമാണ്. 24,938 രൂപ ഇൻഷുറൻസ് പ്രീമിയം തുകയായി ബാങ്കിൽ അടച്ചിരുന്നു. എന്നാൽ ഏത് കമ്പനിയുടെ ഇൻഷുറൻസ് പോളിസിയാണ് എടുപ്പിച്ചിരുന്നതെന്ന് ബാങ്ക് മാനേജർ ജസ്വിനോട് പറഞ്ഞിരുന്നില്ല.
2018ലെ വെള്ളപ്പൊക്കത്തിൽ വീട് പൂർണമായി തകരുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇൻഷുറൻസ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചില്ല. എസ്.ബി.ഐ മേപ്രാൽ ബാങ്ക് മാനേജർ, ഹർജികക്ഷിയുടെ വീട് ഇൻഷ്വർ ചെയ്തത് എസ്.ബി.ഐ ലൈഫിലാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു.
ഇത് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. യഥാർഥത്തിൽ വീട് ഇൻഷ്വർ ചെയ്തിരുന്നത് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മാന്നാർ ബ്രാഞ്ചിലാണെന്നും ഒരു വർഷത്തിന് ശേഷമാണ് ബ്രാഞ്ച് മാനേജർ പ്രസ്തുത ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിം നൽകിയതെന്നും ജസ്വിൻ മനസ്സിലാക്കി. വളരെ വൈകിയാണ് സമർപ്പിച്ചതെന്ന കാരണം പറഞ്ഞ് ഇൻഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചു. ഇതിനെതിരെയാണ് ജസ്വിൻ കമീഷനിൽ ഹരജി നല്‍കിയത്.
തുടർന്ന് കമീഷൻ നടത്തിയ വിസ്താരത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എതിർകക്ഷികൾ എല്ലാവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. വെള്ളപ്പൊക്ക കെടുതികൾ അന്വേഷിക്കാൻ നാലുവർഷം കഴിഞ്ഞാണ് ഇൻഷുറൻസ് കമ്പനി സർവേയറെ വിട്ടത്. ഇത് അന്യായമായ വ്യാപാരതന്ത്രമാണെന്നും കമീഷൻ വിലയിരുത്തി.
18,95,000 രൂപ യുനൈറ്റഡ് ഇൻഷുറന്‍സ് കമ്പനിയും, എസ്.ബി.ഐ ബാങ്ക് 25000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും ചേർന്ന് 19.40,000 രൂപ ഹർജികക്ഷിക്ക് കൊടുക്കാൻ കമീഷൻ ഉത്തരവിട്ടു. കമീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്. ഉത്തരവിന്റെ പിറ്റേദിവസം തന്നെ ബാങ്കിനെതിരെയുള്ള വിധിയുടെ തുകയായ 40,000 രൂപ ഹർജികക്ഷിക്ക് നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.