പത്തനംതിട്ട: പൊതുനിരത്തിലെ മത്സ്യക്കച്ചവടം തടഞ്ഞതിന്റെ പേരിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിക്കിരയായ ഹെൽത്ത് ഇൻസ്പെക്ടർക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നഗരസഭ സെക്രട്ടറിയുടെ കത്ത്. നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപുമോന്റെ നരിയാപുരത്ത വീടിന് സമീപത്തും ജോലിസ്ഥലത്തും രാത്രിയും പകലും അപരിചിതർ പിന്തുടരുന്നതായി കത്തിലുണ്ട്.
ജീവനും സ്വത്തിനും ഭീഷണിയുള്ള സാഹചര്യത്തിൽ ജെ.എച്ച്.ഐക്ക് സ്വതന്ത്രമായും നിർഭയമായും ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനും ജോലിസ്ഥലത്തും അല്ലാതെയും മതിയായ പൊലീസ് സംരക്ഷണം ലഭ്യമാക്കണമെന്നാണ് കത്തിലുള്ളത്. ഓഫിസിൽ കയറി ദീപുമോനെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്ത സക്കീർ അലങ്കാരത്തിനെതിരെ സെക്രട്ടറി മുഖേന നൽകിയ പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. എന്നാൽ, പൊലീസ് തുടർ നടപടിയെടുത്തിട്ടില്ല. മത്സ്യ വിൽപന അനധികൃതമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മത്സ്യ വ്യവസായ തൊഴിലാളി യൂനിയൻ ജില്ല ജനറൽ സെക്രട്ടറിയായ സക്കീർ അലങ്കാരത്ത് പ്രസ്താവനയിൽ പറഞ്ഞു. മത്സ്യ വിൽപന വാഹനങ്ങൾ മത്സ്യങ്ങൾ ഉൾപ്പെടെ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.