പത്തനംതിട്ട: ട്രോളിങ് നിരോധനവും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായതോടെ കുതിച്ചുയർന്ന് മീൻ വില. ലഭ്യത കുറഞ്ഞതോടെയാണ് മത്തിയും അയലയും ഉള്‍പ്പെടെയുള്ള മീനുകളുടെ വില ഉയർന്നത്. അയലയുടെ വില 400 കടന്നു. നേരത്തെ കിലോക്ക് 200-250 രൂപക്ക് ലഭിച്ചിരുന്ന അയലക്ക് ഇപ്പോൾ 420 രൂപവരെ നൽകണം.
മത്തിക്ക് 340- 360 രൂപ വരെ നൽകണമെന്നതാണ് സ്ഥിതി. മങ്കട- 300, കിളിമീൻ-440 എന്നിങ്ങനെയാണ് മറ്റ് ചെറുമീനുകളുടെ വില. വിലയിലെ വർധനവ് സാധാരണക്കാർക്ക് തിരിച്ചടിയാണ്. സ്കൂൾ തുറന്ന സമയമായതിനാൽ പൂർണമായി മീൻ ഒഴിവാക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. പല കുടുംബങ്ങളും മീൻ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. മുമ്പ് വാങ്ങിയിരുന്നതിന്റെ പകുതിയാണ് പലരും ഇപ്പോൾ വാങ്ങുന്നതെന്ന് മത്സ്യവ്യാപാരികളും പറയുന്നു.
ഇതിനൊപ്പം വലിയ മീനുകളുടെ വിലയും കുതിക്കുകയാണ്. വറ്റ പീസിന് കിലോക്ക് 800 രൂപ വരെയായി ഉയർന്നു. കേരക്ക് 540 രൂപ നൽകണം. നെയ് മീനും പൊള്ളുന്ന വിലയാണ്. പല മീനുകൾക്കും ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. കടല്‍മത്സ്യങ്ങള്‍ക്ക് വില ഉയർന്നതോടെ വളർത്തുമത്സ്യങ്ങള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ഇതോടെ വാള, പിരാന, സിലോപ്പിയ തുടങ്ങിയ വളർത്തുമത്സ്യങ്ങള്ക്കെല്ലാം വില ഉയർന്നു. കായൽ മത്സ്യങ്ങളും വലിയതോതിൽ വിറ്റുപോകുന്നുണ്ട്. എന്നാൽ, ലഭ്യത കുറവാണ്. ട്രോളിങ് നിരോധനസമയത്ത് പരമ്പരാഗത വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകുന്നത് പതിവാണെങ്കിലും ഇത്തവണ കാലാവസ്ഥ തിരിച്ചടിയായി.
ട്രോളിങ് തുടങ്ങിയ ജൂണ്‍ ഒമ്പത് മുതല്‍ കനത്ത മഴയും കാറ്റുമായതിനാൽ മത്സ്യത്തൊഴിലാളികള്‍ക്ക് പല ദിവസങ്ങളിലും കടലില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതാണ് മീന്‍ കിട്ടുന്നത് വന്‍തോതില്‍ കുറഞ്ഞതിന് കാരണം. കപ്പലപകട നിയന്ത്രണങ്ങളും മത്സ്യലഭ്യത കുറയാൻ കാരണമായി. കേരളത്തില്‍ മീന്‍ലഭ്യത കുറയുമ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം മീന്‍ എത്തുന്നതായിരുന്നു പതിവ്. എന്നാല്‍, ഇത്തവണ അതിലും കുറവുണ്ടായി. തമിഴ്നാട്ടില്‍ ജൂണ്‍ 15നാണ് ട്രോളിങ് നിരോധനം അവസാനിച്ചത്. അതുകഴിഞ്ഞ് പ്രതികൂല കാലാവസ്ഥ കാരണം അവിടെയും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായിട്ടില്ല. ആന്ധ്രപ്രദേശില്‍നിന്നുള്ള വരവും കുറഞ്ഞനിലയിലാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ ചെറുകിട കച്ചവടക്കാരെല്ലാം മേഖലയില്‍നിന്ന് താൽക്കാലികമായി പിൻവാങ്ങുകയാണ്. പല മീൻ തട്ടുകളും നിർത്തി.
പത്തനംതിട്ട: മീൻ വിലയിലെ വർധനവ് കപ്പ കർഷകർക്കും തിരിച്ചടിയായി. ഉയർന്ന വിലയായതിനാൽ പലരും മീൻ വാങ്ങുന്നില്ല. മീൻ കറി ഇല്ലാതായതോടെ കപ്പക്കും ആവശ്യക്കാർ കുറഞ്ഞതായി കർഷകർ പറയുന്നു. അടുത്തിടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതോടെ കർഷകർ കപ്പ വലിയതോതിൽ പറിച്ചിരുന്നു. ഇവയൊന്നും വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
100 രൂപക്ക് നാല് കിലോ കപ്പ വരെ നൽകാൻ തുടങ്ങിയിട്ടും ആവശ്യക്കാരില്ല. വിൽക്കാൻ കഴിയാത്തതിനാൽ പലരും ഉണക്കുകയാണ്. എന്നാൽ, ഇടവിട്ട് ചെയ്യുന്ന മഴ ഇതിനെ ബാധിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.