പത്തനംതിട്ട: നഗരങ്ങൾക്കു പിന്നാലെ ഇ മാലിന്യം തേടി ഹരിതകർമസേന പഞ്ചായത്തുകളിലേക്ക്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തുക നൽകി ഇ മാലിന്യം ശേഖരിക്കുന്ന ജനകീയ കാമ്പയിന് ജില്ലയിൽ തുടക്കമായി. നഗരസഭകളിൽനിന്ന് കഴിഞ്ഞ മാസം ഒമ്പത് ടൺ ഇ മാലിന്യം ശേഖരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗാന്ധി ജയന്തി ദിനത്തിൽ പഞ്ചായത്തുതല ഉദ്ഘാടനം നടന്നത്. അടുത്ത ദിവസങ്ങളിൽ ശേഖരിച്ചു തുടങ്ങും.
ഉപയോഗശൂന്യമായ ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, റേഡിയോ, പ്രിന്റർ, മൈക്രോ വേവ് ഓവൻ, ലാപ് ടോപ്, ബാറ്ററി, മോട്ടർ യു.പി.എസ്, തുടങ്ങി 44 ഇലക്ട്രോണിക്സ്- ഇലക്ടിക്കൽ ഉപകരണങ്ങളാണ് കിലോക്ക് നിശ്ചിത തുക നൽകി ശേഖരിക്കുന്നത്. മാലിന്യങ്ങളെ അപകടകരം, പുനഃചക്രമണ യോഗ്യം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ട്യൂബ് ലൈറ്റ്, ബൾബ്, പൊട്ടിയ പിക്ചർ ട്യൂബ്, പ്രിന്ററിലെ ടോണർ എന്നിവ അപകടകരമായ ഇനത്തിൽ വരും.
ശേഖരിക്കുന്ന ഇ മാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയ സംസ്കരണത്തിന് അയക്കും. പുനരുപയോഗയോഗ്യമായവക്ക് കമ്പനി ഹരിതകർമസേനക്ക് തുക നൽകും. അപകടകരമായ മാലിന്യങ്ങൾ എറണാകുളം അമ്പലമുകളിലെ കെല്ലിൽ സംസ്കരിക്കും. ചെലവ് തദ്ദേശ സ്ഥാപനങ്ങൾ നൽകണം.
തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന വിവിധ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ശാക്തീകരിക്കുകയും ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഇ മാലിന്യ ശേഖരണമെന്ന് തദ്ദേശ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ എ.എസ്. നൈസാം പറഞ്ഞു. ഇ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനൊപ്പം ഡേറ്റാ ബാങ്ക് തയാറാക്കുമെന്ന് ക്ലീൻ കേരള കമ്പനി ജില്ല മാനേജർ എം.ബി. ദിലീപ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.